അഴിമതിവിരുദ്ധ പോരാട്ടത്തിന് നോട്ട് നിരോധനം അനിവാര്യം: കെ വി കാമത്ത്

അഴിമതിവിരുദ്ധ പോരാട്ടത്തിന് നോട്ട് നിരോധനം അനിവാര്യം: കെ വി കാമത്ത്

 

ന്യൂഡെല്‍ഹി: വലിയ നോട്ടുകള്‍ സാമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയത് ഭാവിയില്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ വി കാമത്ത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നും അത് അനിവാര്യമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും കമത്ത് പറയുന്നു. നിലവില്‍ ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് അധ്യക്ഷനാണ് കെ വി കാമത്ത്.

ഭാവിയില്‍ കള്ളപ്പണം സ്വരൂപിക്കുന്നതിന് തടസം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലൂടെ സാധിക്കും. രാജ്യത്തെ അഴിമതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഇത്തരമൊരു നീക്കം അത്യാവശ്യമാണെന്നാണ് കാമത്ത് പറയുന്നത്. കള്ളനോട്ട് അച്ചടിയും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്, എന്നാല്‍ അഴിമതിക്കെതിരെയാണ് ആദ്യം പോരാട്ടം തുടരേണ്ടതെന്നും കാമത്ത് കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം ഏര്‍പ്പെടുത്തി ഒരു മാസം പിന്നിടുമ്പോള്‍ ഇത്രയേറെ പ്രതിസന്ധി നേരിട്ട രാജ്യത്തെ സാധാരണ ജനങ്ങളെയും സ്ത്രീകളെയും ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

നോട്ട് നിരോധനത്തിലൂടെ നിരവധി അവസരങ്ങളാണുണ്ടായിരിക്കുന്നത്. പണപ്പെരുപ്പം കുറയുന്നത് ചില ഇടപാടുകള്‍ക്ക് ഗുണം ചെയ്യുമെന്നും പലിശ നിരക്കുകള്‍ കുറയുന്നതിന് കാരണമാകുമെന്നും കമത്ത് വിലയിരുത്തുന്നു. അടുത്ത അറ് മാസത്തിനുള്ളില്‍ പലിശ നിരക്കില്‍ ഒരു ശതമാനമെങ്കിലും കുറവ് വന്നേക്കുമെന്നാണ് കാമത്തിന്റെ നിരീക്ഷണം. നിക്ഷേപം കുമിഞ്ഞുകൂടിയതുകൊണ്ട് ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കും. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതോടെ ആര്‍ബിഐ യും പലിശ നിരക്കുകളില്‍ മാറ്റം വരുത്തും. 2000 രൂപ പുറത്തിറക്കിയതിലൂടെ വിനിമയത്തിലുള്ള പണം കുറയുമെന്നും അത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറയുന്നു.

ചെറിയ കാലത്തേക്കുള്ള പ്രതിസന്ധികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന നിരവധി മാറ്റങ്ങള്‍ കാരണമാകുമെന്നും ഐസിഐസിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ പറഞ്ഞു. റീട്ടെയ്ല്‍ കണ്‍സപ്ഷന്‍ രംഗത്തെ വലിയ വളര്‍ച്ചയിലേക്ക് നയിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമെന്നും കെ വി കാമത്ത് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories