കറന്‍സി ഉപയോഗത്തിന് അധിക നിരക്ക് പരിഗണനയില്‍

കറന്‍സി ഉപയോഗത്തിന് അധിക നിരക്ക് പരിഗണനയില്‍

 

ന്യൂഡെല്‍ഹി: കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച പാനലിന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്.
മുന്‍ ധനകാര്യ സെക്രട്ടറി രത്തന്‍ വതല്‍ അധ്യക്ഷനായ സമിതി 30 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളുടെ ടൈംലൈന്‍ തയാറാക്കികഴിഞ്ഞു. ഈ നടപടികളിലൂടെ മൂന്ന് വര്‍ഷം കൊണ്ട് കറന്‍സിരഹിത ഇടപാടുകള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പകുതിയിലെത്തിക്കാമെന്നാണ് സമിതി കണക്കുകൂട്ടുന്നത്.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കായി സ്വതന്ത്ര സംവിധാനം, പേമെന്റ്‌സ് ആന്‍ഡ് സെറ്റില്‍മെന്റ് നിയമ ഭേദഗതി, കറന്‍സി ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവെക്കുന്നത്. നവംബര്‍ 8 ന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്ത് കറന്‍സി ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡിജിറ്റല്‍ പേമെന്റുകള്‍ക്കായി പരമാവധി ആധാര്‍, മൊബീല്‍ നമ്പറുകള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി ആഹ്വാനം ചെയ്യുന്നത്. ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും തമ്മിലും ബാങ്കിതര സ്ഥാപനങ്ങള്‍ക്കിടയിലും ഇത്തരത്തില്‍ പരസ്പര പ്രവര്‍ത്തനക്ഷമതയുള്ള പേമെന്റുകള്‍ നടക്കണം.
മുഴുവന്‍ ഡിജിറ്റല്‍ പേമെന്റുകളും നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് സ്വതന്ത്രമായ സംവിധാനം കൊണ്ടുവരണമെന്നാണ് സമിതി മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു പ്രധാന ശുപാര്‍ശ. റെഗുലേഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍ ഓഫ് പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ബോര്‍ഡിന് (ബിപിഎസ്എസ്) റിസര്‍വ് ബാങ്കിനുള്ളില്‍ സ്വതന്ത്രാധികാര പദവി നല്‍കണമെന്നും തുടര്‍ന്ന് പെയ്‌മെന്റ്‌സ് റെഗുലേറ്ററി ബോര്‍ഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ ഉപസമിതിയായാണ് നിലവില്‍ ബിപിഎസ്എസ് പ്രവര്‍ത്തിക്കുന്നത്. നിര്‍ദ്ദിഷ്ട ബോര്‍ഡിനായി 2007ലെ പെയ്‌മെന്റ്‌സ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമം ഭേദഗതി ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഉപഭോക്തൃ സംരക്ഷണം, ഡാറ്റ സുരക്ഷ തുടങ്ങിയവയെല്ലാം ഈ ബോര്‍ഡ് കൈകാര്യം ചെയ്യും.
സര്‍ക്കാര്‍ ഇടപാടുകളിലും ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു. കറന്‍സിരഹിത ഇടപാടുകളിലൂടെ കൈവരുന്ന തുക ഉപയോഗിച്ച് ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ദീപായന്‍ എന്ന പേരില്‍ ഫണ്ട് രൂപീകരിക്കണമെന്നും ഡിജിറ്റല്‍ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജില്ലകള്‍ക്കും പഞ്ചായത്തുകള്‍ക്കും റാങ്കിംഗ് നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഔട്ട്‌സോഴ്‌സ് ചെയ്യണമെന്നും ഇത്തരം പെയ്‌മെന്റ് സമ്പ്രദായങ്ങളുടെ സേവനം രാപകല്‍ ഭേദമില്ലാതെ ലഭ്യമാക്കുന്നതിന് ശ്രമിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

Comments

comments

Categories: Slider, Top Stories