ജീവനക്കാര്‍ക്കിടയിലെ അഴിമതി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം: ശിഖ ശര്‍മ

ജീവനക്കാര്‍ക്കിടയിലെ അഴിമതി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം: ശിഖ ശര്‍മ

ന്യൂഡെല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്കിടയിലുള്ള അഴിമതി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് ആക്‌സിസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ശിഖ ശര്‍മ. നൂറ് കോടി രൂപ 40 വ്യാജ എക്കൗണ്ടുകളിലായി നിക്ഷേപിച്ചതു കണ്ടെത്തിയതിനെ തുടര്‍ന്ന് 19 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞയാഴ്ച ആക്‌സിസ് ബാങ്ക് തീരുമാനിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശിഖ ശര്‍മയുടെ പ്രതികരണം. ആക്‌സിസ് ബാങ്കിന്റെ ചാന്ദ്‌നി ചൗക് ബ്രാഞ്ചില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിഖ.

വ്യാജ എക്കൗണ്ടുകള്‍ ആരംഭിച്ച ജീവനക്കാര്‍ക്കെതിരെ കനത്ത നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്കിന്റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിപരീതമായി സംഭവിക്കുന്ന എല്ലാ കേസുകളിലും ഇത്തരം നടപടികള്‍ സ്വീകരിക്കുമെന്നും ശിഖ ശര്‍മ വ്യക്തമാക്കി. ഇത്തരമൊരു കുറ്റകൃത്യം ആക്‌സിസ് ബാങ്ക് ബ്രാഞ്ചില്‍ സംഭവിച്ചതില്‍ ഖേദമുണ്ടെന്നും, പക്ഷെ 3,000ത്തില്‍ അധികം ബ്രാഞ്ചുകളും 50,000ത്തോളം ജീവനക്കാരുമുള്ള ബാങ്കിനെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും ആക്‌സിസ് ബാങ്ക് നേതൃത്വം വ്യക്തമാക്കി. നിരവധി ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ബാങ്ക് സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് കത്തയച്ചിട്ടുണ്ടെന്നും എന്നാല്‍ കൈയിലെണ്ണാവുന്ന അത്രയും പേര്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നതില്‍ നിരാശയുണ്ടെന്നും ശിഖ പറയുന്നു.

ബാങ്ക് ഇടപാടുകളില്‍ അതീവ ശ്രദ്ധചെലുത്തുന്നതിന് സഹായിക്കാന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ കെപിഎംജിയെയും ആക്‌സിസ് ബാങ്ക് നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റേതെങ്കിലും തരത്തിലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും ബാങ്ക് അറിയിച്ചു.

Comments

comments

Categories: Branding