നോട്ട് അസാധുവാക്കല്‍: ബാങ്ക് വായ്പയില്‍ 0.8% കുറവ്

നോട്ട് അസാധുവാക്കല്‍:  ബാങ്ക് വായ്പയില്‍ 0.8% കുറവ്

 

ന്യൂഡെല്‍ഹി: നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യയിലെ ബാങ്കുകളുടെ വായ്പ ശേഷിയില്‍ 61000 കോടി രൂപയുടെ (0.8%) കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനു ശേഷം നവംബര്‍ 25 വരെയുള്ള രണ്ടാഴ്ചയ്ക്കിടെയാണ് 0.8 ശതമാനത്തിന്റെ കുറവ് നിരീക്ഷിച്ചിരിക്കുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 25 വരെയുള്ള ബാങ്കുകളുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് ക്രെഡിറ്റ് 72.92 ട്രില്യണ്‍ രൂപയാണ്. 6.6 ശതമാനമാണ് ഇക്കാര്യത്തിലെ വാര്‍ഷിക വളര്‍ച്ച. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 9.3 ശതമാനമായിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ക്രെഡിറ്റ് ഡിമാന്‍ഡില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ടെന്ന് ബാങ്കര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം നോട്ട് അസാധുവാക്കല്‍ മൂലം ബാങ്കിംഗ് മേഖലയ്ക്ക് ഗുണമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇതേകാലയളവില്‍ ഏകദേശം 66,000 കോടി രൂപയുടെ വായ്പാ തിരിച്ചടവുണ്ടായിട്ടുണ്ടെന്നാണ് ആര്‍ബിഐ പയുന്നത്. ഇക്കാലയളവില്‍ ഏകദേശം 4.03 ട്രില്യണ്‍ രൂപയുടെ നിക്ഷേപമാണ് ബാങ്കുകളില്‍ എത്തിയിട്ടുള്ളത്. ഡിസംബര്‍ 9 വരെയുള്ള റിപ്പോര്‍ട്ടനുസരിച്ച് 12 ട്രില്യണ്‍ രൂപയുടെ അസാധു നോട്ടുകള്‍ രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്. സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കണക്കുകള്‍.

നിരോധിച്ച 15.4 ട്രില്യണ്‍ രൂപ(86%) നോട്ടുകളില്‍ ഏകദേശം 20 ശതമാനത്തോളം (മൂന്ന് ട്രില്യണ്‍ രൂപ) നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്നായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ പിന്തുണച്ചിരുന്ന അനലിസ്റ്റുകള്‍ തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ കണക്കുകളെയും വിശകലനങ്ങളെയും തള്ളികളയുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories