ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ ടെക്‌നോളജി ഫണ്ടുമായി ബില്‍ ഗേറ്റ്‌സ്

ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ ടെക്‌നോളജി ഫണ്ടുമായി ബില്‍ ഗേറ്റ്‌സ്

 

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ക്ലീന്‍ എനര്‍ജി ഇന്നൊവേഷന്‍ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനായി ബ്രേക്ക് ത്രു എനര്‍ജി വെഞ്ച്വേഴ്‌സ്(ബിഇവി)എന്ന പേരില്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിച്ചു.

കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാന്‍ സഹായിക്കുന്ന സീറോ കാര്‍ബണ്‍ എനര്‍ജി സാങ്കേതികവിദ്യയെ പ്രോല്‍സാഹിപ്പിക്കുന്ന ഫണ്ടിന്റെ കാലാവധി 20 വര്‍ഷമാണ്. ബില്‍ ഗേറ്റ്‌സ് ചെയര്‍മാനായിരിക്കുന്ന ബിഇവിയില്‍ 20 സ്വകാര്യ നിക്ഷേപകരാണുള്ളത്. റിയലന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അബാനി, ആലിബാബ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാക്ക് മാ, ഖോസ്‌ല വെഞ്ച്വേഴ്‌സ് സ്ഥാപകന്‍ വിനോദ് ഖോസ്‌ല, സാപ് സഹസ്ഥാപകന്‍ ബാസോ പ്ലാറ്റ്‌നെര്‍, സിലിക്കണ്‍വാലി വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് ജോണ്‍ ഡോയ്ര്‍, ഹെഡ്ജ് മുന്‍ മാനേജര്‍ ജോണ്‍ അര്‍നോള്‍ഡ്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, ബ്ലൂംബെര്‍ഗ് എല്‍പി സ്ഥാപകനും ന്യുയോര്‍ക്ക് സിറ്റി മുന്‍ മേയറുമായ മൈക്ക് ബ്ലൂംബെര്‍ഗ് തുടങ്ങിയവര്‍ ബിഇവിയില്‍ അംഗങ്ങളാണ്.

ബിഇവിക്കു പുറമെ യൂറോപ്യന്‍ യൂണിയനിലെ 22 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ക്ലീന്‍ എനര്‍ജി പ്രോല്‍സാഹന സംരംഭമായ മിഷന്‍ ഇന്നൊവേഷനിലും ബില്‍ ഗേറ്റ്‌സിന് പങ്കാളിത്തമുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്ലീന്‍ എനര്‍ജി ടെക്‌നോളജിയില്‍ നിക്ഷേപം ഇരട്ടിയാക്കുക എന്നതാണ് മിഷന്‍ ഇന്നൊവേഷനിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ന്യൂക്ലിയര്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പ് ടെറാപവറിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവിലുള്ള, മലിനീകരണം ഇല്ലാത്ത ഊര്‍ജമാണ് നമുക്ക് വേണ്ടതെന്നും ഇതിനായി നല്ല ആശയങ്ങളെ ലാബില്‍ നിന്ന് വിപണിയിലെത്തിക്കുന്നതിന് വിവിധ നിക്ഷേപ മാതൃകകള്‍ ആശ്യമാണെന്നും ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു. 2040 ആകുന്നതോടെ ആഗോള ഊര്‍ജ വിപണി ആറു ട്രില്യണ്‍ ഡോളറിന്റേതാകുമെന്നും ഊര്‍ജ ആവശ്യകത മൂന്നിലൊന്നായി വര്‍ധിക്കുമെന്നുമാണ് ബിഇവിയുടെ കണക്കുകൂട്ടല്‍. ഒരു വര്‍ഷം മുമ്പ് പാരിസില്‍ നടന്ന യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ചര്‍ച്ചയിലാണ് ആദ്യമായി ബ്രേക്ക് ത്രു എനര്‍ജി വെഞ്ച്വേഴ്‌സ് എന്ന ആശയം ബില്‍ ഗേറ്റ്‌സ് പങ്കുവെച്ചത്.

Comments

comments

Categories: Slider, Top Stories