അലെപ്പോയില്‍ പോരാട്ടം: താക്കീതുമായി ബാന്‍ കി മൂണ്‍

അലെപ്പോയില്‍ പോരാട്ടം: താക്കീതുമായി ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: കലാപം രൂക്ഷമായ സിറിയന്‍ നഗരമായ അലെപ്പോയില്‍ സിവിലിയന്‍മാര്‍ക്കെതിരേ അരങ്ങേറുന്ന ക്രൂരതകള്‍ക്കെതിരേ താക്കീതുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ബാന്‍ കി മൂണ്‍ സിറിയന്‍ സര്‍ക്കാരിനോടും സഖ്യകക്ഷികളോടും അഭ്യര്‍ഥിച്ചു.
അലെപ്പോയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ക്കെതിരേ പീഢനം അരങ്ങേറുന്നതായുള്ള വാര്‍ത്ത കേട്ടതില്‍ ബാന്‍ കി മൂണ്‍ ഞെട്ടല്‍ രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ഡ്യുജാറിക് പറഞ്ഞു. അലെപ്പോയിലെ സ്ഥിതിഗതികളില്‍ ബാന്‍ കി മൂണിന്റെ ആശങ്ക സിറിയന്‍ സര്‍ക്കാരിനെയും എതിര്‍ വിഭാഗത്തെയും അറിയിച്ചിട്ടുണ്ടെന്നും യുഎന്‍ വക്താവ് പറഞ്ഞു.
അലെപ്പോ തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍ സിറിയന്‍ സൈന്യം മുന്നേറിയതോടെ വിമതര്‍ തിരിച്ചടിയുടെ വക്കിലാണെന്നു സൂചനയുണ്ട്. വിമതര്‍ കൈയ്യടക്കി വച്ചിരുന്ന പ്രദേശത്തിന്റെ 90 ശതമാനവും സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പോരാട്ടം രൂക്ഷമായതോടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി സിവിലിയന്മാര്‍ക്കു സുരക്ഷിതമായ പാതയൊരുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അലെപ്പോയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് സിറിയന്‍ സര്‍ക്കാരോ സഖ്യകക്ഷിയായ റഷ്യയോ ഇതുവരെ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. സര്‍ക്കാര്‍ അനുകൂല സേനയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ക്രൂരതകള്‍ക്ക് സിറിയന്‍ സര്‍ക്കാരും റഷ്യയും ഉത്തരവാദികളാണെന്നു യുഎന്‍ മനുഷ്യാവകാശ ഉപദേശകന്‍ ജാന്‍ എഗ്ലിലാന്‍ഡ് ട്വീറ്റ് ചെയ്തു.

Comments

comments

Categories: World