നോട്ട് അസാധുവാക്കല്‍: ഏഷ്യയുടെ വളര്‍ച്ചാ നിഗമനം എഡിബി കുറച്ചു

നോട്ട് അസാധുവാക്കല്‍:  ഏഷ്യയുടെ വളര്‍ച്ചാ നിഗമനം എഡിബി കുറച്ചു

 

മനില: ഇന്ത്യയില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് 2016ലെ ഏഷ്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് കുറവ് വരുത്തി. നേരത്തെ പ്രതീക്ഷിച്ചിരുന്ന 5.7 ശതമാനത്തില്‍നിന്ന് 5.6 ശതമാനമായാണ് എഡിബി നിരക്ക് നിജപ്പെടുത്തിയത്. നോട്ട് അസാധുവാക്കിയത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിനെ പിടിച്ചുവലിക്കുന്നതാണ് ഏഷ്യയെയും തളര്‍ത്തുന്നത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷിച്ച വളര്‍ച്ച 7.4 ശതമാനത്തില്‍നിന്ന് 7 ലേക്ക് ചുരുങ്ങുന്നതിനുള്ള കാരണങ്ങളിലൊന്ന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെതുടര്‍ന്ന് ജനങ്ങളുടെ കൈയില്‍ വേണ്ടത്ര പണമെത്താത്തതാണെന്ന് മനില ആസ്ഥാനമായ എഡിബി വിലയിരുത്തുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ കിതപ്പും നിക്ഷേപം കുറഞ്ഞതും ഏഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമായി. എന്നാല്‍ 2017 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ചയോടെ തിരിച്ചുവരുമെന്നും അതേസമയം ഏഷ്യന്‍ ഭൂഖണ്ഡം 5.7 ശതമാനത്തിലായിരിക്കുമെന്നും അതിനടുത്ത വര്‍ഷവും ഇതേനില തുടരുമെന്നും എഡിബി വിലയിരുത്തുന്നു.

അഗോളതലത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുമ്പോഴും ഏഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ കരുത്ത് പ്രകടിപ്പിക്കുന്നതായി എഡിബി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ജുഴോങ് ഴുവാങ് പറഞ്ഞു. ഉല്‍പ്പാദന വര്‍ധനവിനായി നടത്തിയ പരിഷ്‌കാരങ്ങളും മെച്ചപ്പെട്ട നിക്ഷേപ സൗഹൃദ അന്തരീക്ഷവും ആഭ്യന്തരതലത്തില്‍ ജനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതും വളര്‍ച്ചാകുതിപ്പ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories