ആഗോള വില്‍പ്പന: ടാറ്റ മോട്ടോഴ്‌സിന് ഒരു ശതമാനം വളര്‍ച്ച

ആഗോള വില്‍പ്പന: ടാറ്റ മോട്ടോഴ്‌സിന് ഒരു ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: ആഗോള വില്‍പ്പനയില്‍ കഴിഞ്ഞ മാസം ഒരു ശതമാനം മാത്രം വളര്‍ച്ച കൈവരിച്ച് ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ആഗോള വില്‍പ്പനയില്‍ നിര്‍ണായക നേട്ടമുണ്ടാക്കുന്ന ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പടെയുള്ളവയുടെ വില്‍പ്പനയടക്കമാണ് ഒരു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചത്. 91,832 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി ആഗോല തലത്തില്‍ വില്‍പ്പന നടത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ 90,695 യൂണിറ്റായിരുന്നു വില്‍പ്പന നടത്തിയതെന്ന് ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ടാറ്റ ഡെയ്‌വു റേഞ്ച് എന്നിവയുടെ വില്‍പ്പനയില്‍ കമ്പനിക്ക് കഴിഞ്ഞ മാസം തൊട്ടുമുമ്പുള്ള വര്‍ഷത്തെ നവംബറിനെ അപേക്ഷിച്ച് ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി.
അതേസമയം, യാത്രാ വാഹന വിഭാഗത്തിലുള്ള ആഗോല മൊത്ത വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസം അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചു. 64,862 യൂണറ്റ് വാഹനങ്ങളാണ് കമ്പനി കഴിഞ്ഞ മാസം യാത്രാ വാഹന വിഭാഗത്തില്‍ വില്‍പ്പന നടത്തിയത്.

വില കൂടും
അടുത്ത മാസം മുതല്‍ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന മോഡലുകള്‍ക്ക് 25,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവാണ് വിലവര്‍ധന വരുത്താന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. മോഡലുകള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വില 5,000 രൂപ മുതല്‍ 25,000 രൂപ വരെ വര്‍ധിപ്പിക്കും. പുതുക്കിയ വില അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈയിടുത്ത് വിപണിയിലെത്തിയ ടിയാഗോ മികച്ച പ്രകടനം നടത്തിയതോടെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 2.18 ലക്ഷം മുതല്‍ 17.29 ലക്ഷം രൂപവരെയുള്ള മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സിന് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ളത്.

Comments

comments

Categories: Branding