എംജെ ലോജിസ്റ്റിക്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ റ്റിവിഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍

എംജെ ലോജിസ്റ്റിക്‌സിന്റെ  ഓഹരികള്‍ സ്വന്തമാക്കാന്‍  റ്റിവിഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍

ന്യൂഡെല്‍ഹി: ലണ്ടന്‍ ആസ്ഥാനമാക്കിയ നിക്ഷേപക സ്ഥാപനമായ എര്‍ഡിന്‍ കാപ്പിറ്റല്‍, എംജെ ലോജിസ്റ്റിക്‌സ് സര്‍വീസസ് ലിമിറ്റഡിലെ തങ്ങളുടെ മുഴുവന്‍ ഓഹരികളും 80 കോടി രൂപയ്ക്ക് റ്റിവിഎസ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് വില്‍ക്കുന്നു.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സഹ വിപണി ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ക്കറ്റി(എഐഎം)ല്‍ ലിസ്റ്റു ചെയ്ത കമ്പനിയായ എര്‍ഡിന്‍, എംജെ ലോജിസ്റ്റിക്‌സിലെ എട്ടു വര്‍ഷത്തെ നിക്ഷേപം പിന്‍വലിക്കാനുള്ള ചര്‍ച്ചയിലാണ്. കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.
വടക്കേ ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, സേവനദാതാക്കളായ എംജെ ലോജിസ്റ്റിക്‌സില്‍ എര്‍ഡിന് 93.34 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഗവേഷണ, നിക്ഷേപക കമ്പനിയായ ഓഷ്യന്‍ ഡയല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡാണ് എര്‍ഡിന്റെ ഫണ്ട് നിയന്ത്രിക്കുന്നത്. മൗറിഷ്യസിലെ സഹകമ്പനിയിലൂടെയാണ് എര്‍ഡിന്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്.
2012 സെപ്റ്റംബറില്‍ എര്‍ഡിന്‍ കാപ്പിറ്റല്‍ രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തില്ലെന്ന് തീരുമാനിച്ചിരുന്നു. കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി രണ്‍വീര്‍ ശര്‍മ്മയുടെ കീഴില്‍ ഇന്റേണല്‍ ടീമിനെ സജ്ജീകരിക്കുകയുമുണ്ടായി.
തുറമുഖ സേവനം, കണ്ടെയ്‌നര്‍ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് എന്നിവയില്‍ ഒന്‍പതും ഐടി ഓഫിസിലും റിയല്‍റ്റിയിലും ഓരോന്നു വീതവുമായി രാജ്യത്തെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലായി എര്‍ഡിന്‍ ആകെ 11 നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. എംജെ ലോജിസ്റ്റിക്‌സിനു പുറമെ കോണ്‍ട്രാന്‍സ് ലോജിസ്റ്റിക്‌സ് (പിപാവാവ് സിഎഫ്എസ്), കോണ്‍ട്രാന്‍സ് ലോജിസ്റ്റിക്‌സ് (ബറോഡ ഐസിഡി) എന്നിവയിലും എര്‍ഡിന്‍ ഓഹരി പങ്കാളിത്തം കൈയാളുന്നു.
ഇന്ത്യയിലെ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് ബിസിനസായ എംജെ ലോജിസ്റ്റിക്‌സിന് ഉത്തരേന്ത്യയില്‍ 800,000 ചതുരശ്ര അടിയുടെ വെയര്‍ഹൗസിംഗ് ശേഷിയുണ്ട്; ഹരിയാനയിലെ പല്‍വാലില്‍ 200,000 ചതുരശ്ര അടിയുടെ ഓട്ടോമേറ്റഡ് ഹബ്ബ് വെയര്‍ഹൗസും. ടാറ്റ മോട്ടോഴ്‌സ്, പെപ്‌സികോ, സബ്‌വെ, ഡ്യുപോണ്ട് ഡാനിസ്‌കോ, യൂണിലിവര്‍ എന്നിവ എംജെ ലോജിസ്റ്റിക്‌സിന്റെ ഉപഭോക്താക്കളാണ്.

Comments

comments

Categories: Branding