ഏക ചൈന നയത്തെ എതിര്‍ത്ത് ട്രംപ്

ഏക ചൈന നയത്തെ എതിര്‍ത്ത് ട്രംപ്

ചൈനയ്‌ക്കെതിരേ പ്രകോപനപരമായ നിലപാടുമായി മുന്നേറുകയാണു ട്രംപ്. കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തിയും ഇരുരാജ്യങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി പാലിച്ചു പോരുന്ന കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുമാണ് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രകോപനം സൃഷ്ടിക്കുന്നത്. ചൈനയുമായി അമേരിക്കയ്ക്കുള്ള നാല് പതിറ്റാണ്ട് പിന്നിട്ട ഉഭയകക്ഷി ബന്ധം അവസാനിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഫോക്‌സ് ന്യൂസിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് ചൈനയ്‌ക്കെതിരേയുള്ള ട്രംപിന്റെ പുതിയ ഭീഷണി.
ഇരുവിഭാഗത്തു നിന്നും സമചിത്തതോടെയുള്ള സമീപനം കൈക്കൊള്ളാന്‍ താമസിക്കുകയാണെങ്കില്‍ ചൈന-യുഎസ് ബന്ധത്തില്‍ വന്‍ അകല്‍ച്ച തന്നെ കൈവരുമെന്ന ഘട്ടമാണ് ഇപ്പോഴുള്ളത്.
ഏക ചൈന നയത്തെ(one china policy) എന്തു കൊണ്ടാണ് യുഎസ് പിന്തുണയ്ക്കുന്നതെന്നു തനിക്കു മനസിലാകുന്നില്ലെന്ന് ട്രംപ് ഞായറാഴ്ച ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. ചൈന എന്നാല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന മാത്രമാണെന്നു സ്ഥാപിക്കുന്ന നയമാണ് ഏക ചൈന നയം. റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരില്‍ തായ്‌വാനും അറിയപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് ഏക ചൈന നയം നടപ്പിലാക്കാന്‍ ചൈന ബാദ്ധ്യസ്ഥമായത്. ഈ നയപ്രകാരം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്ര ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ തായ്‌വാനുമായി ബന്ധപ്പെടരുതെന്നും ഏക ചൈനാ നയം വ്യക്തമാക്കുന്നു.
1972ല്‍ മാവോ സെതുങും റിച്ചാര്‍ഡ് നിക്‌സനും മുന്‍കൈയ്യെടുത്ത് ചൈന-യുഎസ് ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഏക ചൈന നയത്തെ വാഷിംഗ്ടണ്‍ അംഗീകരിച്ചത്. രണ്ട് ആഴ്ച മുന്‍പു തായ്‌വാന്‍ പ്രസിഡന്റ് സായ് ഇന്‍വെംഗുമായി ട്രംപ് ടെലഫോണ്‍ സംഭാഷണം നടത്തിയതും തുടര്‍ന്നു ട്വിറ്ററിലൂടെ ചൈനയ്‌ക്കെതിരേ പരാമര്‍ശം നടത്തിയതും വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചൈനയ്‌ക്കെതിരേ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അതീവ ഗൗരവമര്‍ഹിക്കുന്നതാണ് ട്രംപിന്റെ ഏക ചൈനാ നയത്തെക്കുറിച്ചുള്ള പ്രസ്താവനയെന്നു ചൈന പ്രതികരിച്ചു. ചൈന-യുഎസ് ബന്ധത്തിലൂടെ ആര്‍ജ്ജിച്ച പുരോഗതി ഇല്ലാതാക്കുന്നതാണ് ഏക ചൈനാ നയത്തെ ചോദ്യം ചെയ്ത ട്രംപിന്റെ നടപടിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ജെംഗ് ഷുവാങ് പറഞ്ഞു. തായ്‌വാന്‍ വിഷയത്തില്‍ ചൈനയുടെ നിലപാടിനെ അംഗീകരിക്കാന്‍ യുഎസ് ഭരണകൂടത്തോട് അഭ്യര്‍ഥിക്കുകയാണെന്നും ഷുവാങ് പറഞ്ഞു. യുഎസ്-ചൈന ബന്ധത്തിലെ അടിസ്ഥാനം തന്നെ ഏക ചൈനാ നയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ടാഴ്ച മുന്‍പു ട്രംപ് നടത്തിയ വിവാദ പരാമര്‍ശത്തിലൂടെ രൂപപ്പെട്ട സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഐയോവ ഗവര്‍ണറും പഴയ ഉറ്റ സുഹൃത്തെന്നു ചൈന തന്നെ വിശേഷിപ്പിക്കുകയും ചെയ്ത ടെറി ബ്രാന്‍സ്ടഡിനെ ട്രംപ് ബീജിംഗിലേക്കുള്ള യുഎസിന്റെ അംബാസഡറായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിലൂടെ ട്രംപ് വീണ്ടും ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നു. ഇതിലൂടെ വ്യക്തമാകുന്നതാകട്ടെ, ട്രംപിന്റെ ചൈനയോടുള്ള സമീപനത്തിലെ പരസ്പര വിരുദ്ധ സമീപനമാണ്. ആദ്യം ചൈനയെ പ്രകോപിപ്പിക്കുന്ന നിലപാട് സ്വീകരിക്കുക, പിന്നീട് ചൈനയെ ആലിംഗനം ചെയ്യുകയും ചെയ്തിരിക്കുന്നു ട്രംപ്. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിനിടെ, ട്രംപ് ചൈനയ്‌ക്കെതിരേ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ പ്രസ്താവനകള്‍ വീണ്ടും ആവര്‍ത്തിക്കുന്ന കാഴ്ചയും ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നുണ്ട്.
ഞായറാഴ്ച ഫോക്‌സ് ന്യൂസിലൂടെ ചൈനയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തിനു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ ട്രംപിനെതിരേ രൂക്ഷ വിമര്‍ശനം നടത്തി. ഏക ചൈനാ നയം വില്പനയ്ക്കു വച്ചിട്ടില്ലെന്നും ട്രംപിന്റെ പ്രവര്‍ത്തനപരിചയമില്ലായ്മയുമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്കു പിന്നിലുള്ളതെന്നും പത്രത്തില്‍ കുറിച്ചിരിക്കുന്നു.
കറന്‍സിയുടെ മൂല്യം മനപൂര്‍വ്വം ഇടിവ് വരുത്തുന്നതും ഉടമസ്ഥതാ തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലില്‍ സൈനിക വിന്യാസം നടത്തുന്നതും ഉത്തര കൊറിയയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന യുഎന്‍ ഉപരോധം ഫലപ്രദമായി വിനിയോഗിക്കാനും ചൈന സഹകരിക്കുന്നില്ലെന്നു ട്രംപ് ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി. ഇതിലൂടെ ട്രംപ് ചൈനയ്ക്കു നല്‍കുന്ന സന്ദേശം വ്യക്തമാണ്. ചൈനയല്ല, അമേരിക്ക തന്നെയായിരിക്കും ഇനി കാര്യങ്ങള്‍ തീരുമാനിക്കുക എന്ന സന്ദേശമാണ് ട്രംപ് ചൈനയ്ക്കു നല്‍കുന്നത്. ഭൗമരാഷ്ട്രീയത്തില്‍ അമേരിക്കയ്ക്കുള്ള അപ്രമാദിത്വം ചൈനയ്ക്ക് അടിയറവ് വയ്ക്കില്ലെന്നും ട്രംപ് തീരുമാനിച്ചിരിക്കുന്നു. ട്രംപിന്റെ ഇത്തരം നടപടികള്‍ മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുമെന്ന കാര്യവും ഇതോടെ ഉറപ്പായിരിക്കുന്നു.

Comments

comments

Categories: World