ടീം ഇന്ത്യയ്ക്ക് പരമ്പര

ടീം ഇന്ത്യയ്ക്ക് പരമ്പര

 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്നിംഗ്‌സിനും 36 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ ആതിഥേയര്‍ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ടീം ഇന്ത്യ 3-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. സ്‌കോര്‍: ഇംഗ്ലണ്ട്-400&195, ടീം ഇന്ത്യ 631.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി (235) നേടിയ ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. രണ്ട് ഇന്നിംഗ്‌സുകളിലുമായി ടീം ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍ 12 വിക്കറ്റുകളും സ്വന്തമാക്കി. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കുന്ന തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരായത്.

ആദ്യ ഇന്നിംഗ്‌സില്‍ 231 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 195 റണ്‍സായപ്പോഴേക്കും ഓള്‍ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റിന് 182 എന്ന നിലയില്‍ അഞ്ചാം ദിനത്തില്‍ കളി തുടര്‍ന്ന ഇംഗ്ലണ്ടിന് ഏഴ് ഓവര്‍ പിന്നിടും മുമ്പ് അവശേഷിച്ചവരെയും നഷ്ടമായി. അവസാന ദിനത്തില്‍ വെറും 13 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്.

രണ്ടാം ഇന്നിംഗ്‌സില്‍ യഥാക്രമം 77, 51 റണ്‍സ് വീതം നേടിയ ജോ റൂട്ട്, ബെയര്‍സ്‌റ്റോ എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ആദ്യ ഇന്നിംഗ്‌സില്‍ 400 റണ്‍സ് നേടിയതിന് ശേഷം ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുന്ന മൂന്നാമത്തെ ടീമെന്ന നാണക്കേടും ടീം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലൂടെ ഇംഗ്ലണ്ട് ടീമിന്റെ പേരിലായി.

ഒന്നാം ഇന്നിംഗ്‌സില്‍ 631 റണ്‍സായിരുന്നു ടീം ഇന്ത്യ അടിച്ചുകൂട്ടിയത്. ടീം ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട ശതകത്തിന് പുറമെ മുരളി വിജയ്, ജയന്ത് യാദവ് എന്നിവരുടെ സെഞ്ച്വറിയുമാണ് ടീം ഇന്ത്യയുടെ സ്‌കോറിംഗില്‍ നിര്‍ണായകമായത്. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ഡിസംബര്‍ 16-ാം തിയതി മുതല്‍ 20 വരെ ചെന്നൈയില്‍ നടക്കും.

Comments

comments

Categories: Slider, Top Stories