കാര്‍ലോസ് ടെവസ് ചൈനീസ് ക്ലബിലേക്ക്

കാര്‍ലോസ് ടെവസ് ചൈനീസ് ക്ലബിലേക്ക്

 

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫൂട്‌ബോള്‍ ക്ലബായ ബോക്ക ജൂനിയേഴ്‌സിന്റെ മികച്ച താരങ്ങളിലൊരാളായ കാര്‍ലോസ് ടെവസ് ചൈനീസ് ഫുട്‌ബോളിലേക്ക് ചുവട് മാറ്റാനൊരുങ്ങുന്നു. 40 ദശലക്ഷം യൂറോയുടെ ഓഫറാണ് ചൈനീസ് ക്ലബായ ഷാംഗ്ഹായ് ഷെന്‍ഷ്വ അര്‍ജന്റൈന്‍ സ്‌ട്രൈക്കറായ ടെവസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ചൈനയിലെ സൂപ്പര്‍ ലീഗില്‍ ഒരു സീസണ്‍ കളിച്ചതിന് ശേഷം അടുത്ത വര്‍ഷം ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കാര്‍ലോസ് ടെവസെന്നും സൂചനയുണ്ട്. 2003ല്‍ ബോക്ക ജൂനിയേഴ്‌സിനെ കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരാക്കിയതിന് ശേഷം അര്‍ജന്റൈന്‍ താരം യൂറോപ്യന്‍ ക്ലബുകളിലേക്ക് ചേക്കേറിയിരുന്നു.

കോറിന്ത്യന്‍സ്, വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് എന്നീ മുന്‍നിര ടീമുകള്‍ക്ക് വേണ്ടിയാണ് പിന്നീട് കാര്‍ലോസ് ടെവസ് ബൂട്ടണിഞ്ഞത്. കഴിഞ്ഞ വര്‍ഷം പഴയ ടീമായ ബോക്ക ജൂനിയേഴ്‌സിലേക്ക് തിരിച്ചെത്തിയെങ്കിലും മുന്‍പത്തേതുപോലുള്ള മികവ് പുറത്തെടുക്കാന്‍ ടെവസിന് സാധിച്ചിട്ടില്ല.

അതേസമയം, 32 കാരനായ ടെവസില്‍ ഇനിയും മികച്ച ഫുട്‌ബോള്‍ അവശേഷിക്കുന്നുണ്ടെന്നും ദീര്‍ഘ കാലത്തേക്ക് അദ്ദേഹത്തിന്റെ സേവനം തനിക്കാവശ്യമുണ്ടെന്നുമാണ് ഷാംഗ്ഹായ് ക്ലബിന്റെ ഉറുഗ്വായ് പരിശീലകനായ ഗുസ്താവോ പായെറ്റ് അറിയിച്ചത്. ടെവസിന്റെ ട്രാന്‍സ്ഫറിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും ചെല്‍സിയുടെ മുന്‍ മിഡ്ഫീല്‍ഡറായ ഗുസ്താവോ പയെറ്റ് പറഞ്ഞു.

Comments

comments

Categories: Sports