ട്രംപുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ച ടെക് എക്‌സിക്യൂട്ടീവുകളില്‍ സത്യ നാദെല്ലയും

ട്രംപുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ച ടെക് എക്‌സിക്യൂട്ടീവുകളില്‍ സത്യ നാദെല്ലയും

 

സാന്‍ഫ്രാന്‍സിസ്‌കോ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച പ്രമുഖ ടെക് എക്‌സിക്യൂട്ടീവുകളില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ആപ്പിള്‍ സിഇഒ ടിം കുക്ക്, ആല്‍ഫബെറ്റ് സിഇഒ ലാരി പേജ്, ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, സിസ്‌കോ സിഇഒ ചക് റോബിന്‍സ്, ഐബിഎം സിഇഒ ഗിന്നി റോമെട്ടി, ഇന്റെല്‍ സിഇഒ ബ്രിയാന്‍ ക്രസനിക്, ഒറാക്കിള്‍ സിഇഒ സഫ്‌റ കാറ്റ്‌സ് തുടങ്ങിയവരാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറില്‍ നടക്കുന്ന സമ്മേളനത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ച മറ്റ് ടെക് എക്‌സിക്യൂട്ടീവുകള്‍. ബുധനാഴ്ചയാണ് ടെക് സംഘം ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുക.

ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും കഴിയുംതരത്തിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും യുഎസ് പ്രസിഡന്റിനോട് പറയുമെന്ന് ഒറാക്കിള്‍ സിഇഒ സഫ്‌റ കാറ്റ്‌സ് പറഞ്ഞു. നികുതി-നയ പരിഷ്‌കരണത്തിലൂടെയും വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ട് മികച്ച വ്യാപാര കരാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും യുഎസിന് സാങ്കേതിക മേഖലയെ ശക്തിപ്പെടുത്താനാകുമെന്നും എക്കാലത്തെയും മികച്ച മത്സര വിപണിയായി യുഎസിന് ഉയരാന്‍ സാധിക്കുമെന്നും കാറ്റ്‌സ് അഭിപ്രായപ്പെട്ടു.

കുടിയേറ്റ പരിഷ്‌കരണം, എന്‍ക്രിപ്ഷന്‍, സാമൂഹികമായ ആശങ്കകള്‍ തുടങ്ങി ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയ വിഷയങ്ങളില്‍ ടെക് ഭീമന്മമാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. നേരത്തേ ഒരു വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഐഫോണ്‍ അണ്‍ലോക്ക് ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ആപ്പിള്‍ നിരസിച്ചതിനെ തുടര്‍ന്ന് ട്രംപ് കമ്പനിക്ക് ബഹിഷ്‌കരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് എന്നിവര്‍ക്കും ട്രംപിനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഹൈ പ്രൊഫൈല്‍ എക്‌സിക്യൂട്ടീവുകളായ യുബര്‍ സിഇഒ ട്രവിസ് കലാനിക്, എയര്‍ബിഎന്‍ബി സിഇഒ ബ്രിയാന്‍ ചെസ്‌കി, നെറ്റ്ഫ്‌ളിക്‌സ് സിഇഒ റീഡ് ഹാസ്റ്റിംഗ്‌സ്, സെയില്‍ഫോഴ്‌സ് സിഇഒ മാര്‍ക് ബെനിയോഫ്, ഡ്രോപ്‌ബോക്‌സ് സിഇഒ ഡ്രൂ ഹോസ്റ്റണ്‍, ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെ എന്നിവര്‍ യോഗത്തില്‍ ഉണ്ടാകില്ല.

Comments

comments

Categories: Branding