ഫോര്‍ട്ട് കൊച്ചിയുടെ സാംസ്‌കാരിക ഭൂപടവുമായി സഹാപീഡിയ

ഫോര്‍ട്ട് കൊച്ചിയുടെ സാംസ്‌കാരിക ഭൂപടവുമായി സഹാപീഡിയ

 

കൊച്ചി: കൊച്ചിയുടെ സാംസ്‌കാരിക ഭൂപടം പ്രചാരത്തിലാക്കാന്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി കൈകോര്‍ത്ത് സഹാപീഡിയ. സഹാപീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്ന സംവാദക്ഷമമായ ഭൂപടം കൊച്ചി നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം രേഖപ്പെടുത്തുന്നതിനൊപ്പം പോര്‍ചുഗീസ്, ഡച്ച്, ബ്രിട്ടിഷ്, ചൈനീസ്, അറബ് രാജ്യങ്ങളുമായി കൊച്ചിയുടെ ബന്ധങ്ങളും പ്രദേശവാസികളുടെ ഓര്‍മ്മകളിലൂടെയും കാഴ്ചപ്പാടിലൂടെയും വിവരിക്കുന്നു. ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന ഓണ്‍ലൈന്‍ പദ്ധതി www.culturalmapping.in/fortkochi എന്ന വിലാസത്തില്‍ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ്, കംപ്യൂട്ടര്‍ എന്നിവവഴി ഉപയോഗിക്കാവുന്നതാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് ഫോര്‍ട്ട് കൊച്ചിമട്ടാഞ്ചേരി ഭാഗങ്ങളിലായി സാംസ്‌കാരിക കേന്ദ്രങ്ങള്‍, പൈതൃക സ്ഥാനങ്ങള്‍, ജീവിതശൈലികള്‍, ആരാധനാലയങ്ങള്‍, പൊതുഇടങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിങ്ങനെ നൂറ്റമ്പതോളം കേന്ദ്രങ്ങളുടെയും ആചാരങ്ങളുടെയും വിശദാംശങ്ങള്‍ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

വളരെയധികം സര്‍ഗാത്മകതയുള്ള, ചരിത്രമുള്ള, കലയും പാരമ്പര്യവുമുള്ള നഗരമാണ് കൊച്ചിയെന്ന് സഹാപീഡിയ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സുധ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കച്ചവടത്തിനായി എത്തിയവര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഇന്ത്യയുടെ കവാടം തന്നെയായിരുന്നു കൊച്ചി. ഇവരില്‍ പലരും കൊച്ചിയില്‍തന്നെ തങ്ങുകയും വിവാഹം കഴിക്കുകയും കൊച്ചിക്കാരായി മാറുകയും ചെയ്തു. സാംസ്‌കാരിക ഭൂപടം തയ്യാറാക്കുന്ന പദ്ധതി തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കൊച്ചിയെന്നും ഡോ. സുധ കൂട്ടിച്ചേര്‍ത്തു.

പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് മാത്രമല്ല, പ്രദേശവാസികള്‍ക്ക് അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വരുംതലമുറയ്ക്കായി രേഖപ്പെടുത്തിവയ്ക്കുന്നതിനും ഭൂപടം പ്രയോജനപ്പെടുമെന്ന് സഹാപീഡിയ പ്രോജക്റ്റ് ഡയറക്ടര്‍ നേഹ പാലിവാള്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിമട്ടാഞ്ചേരി എന്ന ചെറിയ ഭൂപ്രദേശത്തെ സമൂഹങ്ങളുടെ അത്ഭുതകരമായ വൈവിധ്യത്തെപ്പറ്റി ആളുകള്‍ മനസിലാക്കുന്നില്ല. പല ഭാഷകള്‍ സംസാരിക്കുകയും പല രീതികളും മതങ്ങളും പിന്തുടരുകയും ചെയ്യുന്ന മുപ്പതിലേറെ സമൂഹങ്ങള്‍ ഇവിടെയുണ്ട്. പ്രദേശവാസികളെ അവരവരുടെ സമൂഹത്തെപ്പറ്റി സംസാരിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഭൂപടത്തിന്റെ ഉദ്ദേശം. ഇതുവഴി സന്ദര്‍ശകരെ സ്ഥിരം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കപ്പുറം ഇത്തരം ചില സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ടെന്ന് നേഹ പറഞ്ഞു.

കഴിഞ്ഞ വേനല്‍ക്കാലത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് മൂന്നുമാസം മുന്‍പാണ് തുടക്കമായത്. ഫോര്‍ട്ട് കൊച്ചിയും സമീപപ്രദേശങ്ങളിലുമായി സഹാപീഡിയയുടെ മൂന്നംഗസംഘം പ്രദേശത്തിന്റെ അടിസ്ഥാന ഘടന, പൊതുസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, എത്തിച്ചേരേണ്ട വിധം തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍, ചരിത്രപ്രസക്തി, അനുഭവങ്ങള്‍ തുടങ്ങിയ വിശദവിവരങ്ങളും ഉള്‍പ്പെടുന്നതാണ് ഡേറ്റാബേസ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റി പുസ്തകം എഴുതിയ കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ രചിച്ച എന്‍.എസ്.മാധവന്‍ എന്നിവരുടെ ഉള്‍പ്പെടെ സംഭാഷണങ്ങള്‍ അടങ്ങിയ ചെറു വീഡിയോകളും ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിനാലെയുടെ മികച്ച ശേഖരത്തില്‍നിന്നുള്‍പ്പെടെ ഫോട്ടോകള്‍ ഭൂപടത്തിലുണ്ട്. ഡച്ച്, ബ്രിട്ടിഷ് കാലഘട്ടങ്ങളിലെ പഴയകാല ഭൂപടങ്ങളും ഫോര്‍ട്ട് കൊച്ചിയെയും മട്ടാഞ്ചേരിയേയും സംബന്ധിക്കുന്ന ലേഖനങ്ങളുള്ള പത്ര കട്ടിങ്ങുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയുടെ സാംസ്‌കാരിക ഭൂപട പദ്ധതി ഒരു തുടക്കമാണെന്നും ഇന്ത്യയിലെ മറ്റു ചരിത്രപ്രധാനമായ നഗരങ്ങളിലേക്കും ഇതു വ്യാപിപ്പിക്കുമെന്നും ഡോ. സുധ, നേഹ പാലിവാള്‍ എന്നിവര്‍ പറയുന്നു.

ഏപ്രിലില്‍ പുറത്തിറക്കിയ സഹാപീഡിയയുടെ (http://www.sahapedia.org/) സ്വാഭാവിക പരിണാമമാണ് സാംസ്‌കാരിക ഭൂപടം. ഇന്ത്യയുടെ കലാ,സാംസ്‌കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്നതിനുള്ള വളര്‍ന്നുവരുന്ന സൗജന്യ ഓണ്‍ലൈന്‍ വിവരശേഖരമാണ് സഹാപീഡിയ.

Comments

comments

Categories: Trending

Related Articles