കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് ഒഴിവാക്കുന്നതില്‍ എതിര്‍പ്പുമായി ആര്‍ബിഐ

കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് ഒഴിവാക്കുന്നതില്‍ എതിര്‍പ്പുമായി ആര്‍ബിഐ

മുംബൈ: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ആര്‍ബിഐക്ക് ആശങ്ക. ബാങ്കിംഗ് റെഗുലേറ്റര്‍മാരുമായും വന്‍കിട പണമിടപ്പപാടുകാരുമായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നടത്തിയ യോഗങ്ങള്‍ക്കു ശേഷം കാര്‍ഡ് സര്‍വീസസ് ലഭ്യമാക്കുന്ന വ്യാപാരികളില്‍ നിന്നും ബാങ്ക് ഈടാക്കുന്ന നിരക്ക് (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) എടുത്തുകളയുകയോ 2017 മാര്‍ച്ച് 31നകം സാവകാശം കുറച്ച്‌കൊണ്ടുവരികയോ ചെയ്യണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നത് സംബന്ധിച്ച് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയാണ് ആശങ്ക പ്രകടിപ്പിച്ചത്.

ഡെബിറ്റ് കാര്‍ഡ് സര്‍വീസുകള്‍ക്ക് വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന നിരക്ക് എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ പല ബാങ്കുകള്‍ക്കും തങ്ങളുടെ ബിസിനസില്‍ സന്തുലിതാവസ്ഥ കൈവരിക്കാനാകില്ലെന്ന് ആര്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ചെലവ് കണക്കിലെടുത്തുകൊണ്ടായിരിക്കണം ഏത് നിരക്ക് വെട്ടിച്ചുരുക്കാനുള്ള തീരുമാനമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രണ്ടായിരം രൂപയ്ക്ക് താഴെ വരുന്ന കാര്‍ഡ് ഇടപാടുകളുടെ നിരക്ക് വലിയ തോതില്‍ കുറയ്ക്കാനുള്ള തീരുമാനത്തിലും ആര്‍ബിഐ ആശങ്കയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ തുടങ്ങിയ വന്‍കിട ബാങ്കുകളും ഈ നിര്‍ദേശവുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കാര്‍ഡ് ഇടപാടുകളില്‍ നിലവില്‍ കുറഞ്ഞ പങ്ക് മാത്രം വഹിക്കുന്ന ചെറുകിട നഗരങ്ങളിലെ വ്യാപാരികള്‍ക്ക് നിരക്ക് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും സര്‍ക്കാരും ആര്‍ബിഐ വൃത്തങ്ങളും ധനകാര്യസ്ഥാപനങ്ങളുടെ ഉന്നതാധികാരികളും തമ്മില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു. ഡിസംബര്‍ 31 വരെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ലെന്ന സര്‍ക്കാര്‍ തീരുമാനം വന്‍കിട റീട്ടെയ്ല്‍ ഹൗസുകള്‍, ഹോട്ടലുകള്‍ തുടങ്ങി വലിയ വ്യാപാരികള്‍ക്കായിരിക്കും വലിയ തോതില്‍ ഗുണം ചെയ്യുക. അതേസമയം നിരക്ക് കുറച്ചുകൊണ്ടുവരുന്നത് പിഒഎസ് ടെര്‍മിനല്‍ സജ്ജമാക്കുന്നതില്‍ നിന്നും ബാങ്കുകളെ പിന്നോട്ട് വലിക്കാനും സാധ്യതയുണ്ടെന്ന നിരീക്ഷണമാണ് പേമെന്റ് ബിസിനസ് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കുവെച്ചത്.

Comments

comments

Categories: Business & Economy