പേമെന്റ് ഹബ്ബായി മാറാന്‍ പുതിയ സംരംഭങ്ങളുമായി പേയു

പേമെന്റ് ഹബ്ബായി മാറാന്‍ പുതിയ സംരംഭങ്ങളുമായി പേയു

 

ബെംഗളൂരു: പേമെന്റ് പ്രോസസിംഗ് സ്ഥാപനമായ പേയു ഇന്ത്യ രണ്ടു പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. പുതിയതായി ആരംഭിക്കുന്ന കണ്‍സ്യൂമര്‍ ക്രെഡിറ്റ്, ഡിജിറ്റല്‍ ബാങ്കിംഗ് ബിസിനസുകള്‍ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും പേമെന്റ് ഹബ്ബാവാന്‍ കമ്പനിയെ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ബി അംരീഷ് റാവു പറഞ്ഞു. 2018 മാര്‍ച്ച് മാസത്തോടെ 10 ബില്യണ്‍ ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് പേയു പദ്ധതിയിടുന്നത്.

നാസ്പര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പേയു കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ വിപണിയിലെ എതിരാളികളായ സിട്രസ് പേയെ 130 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് സിട്രസ് സഹസ്ഥാപകനായ അംരീഷ് റാവു സിഇഒ ആയി പേയുവിന്റെ ഭാഗമായത്. ഗ്രോസറി, സിനിമ ടിക്കറ്റ് പോലുള്ള കുറഞ്ഞ ചാര്‍ജിലുള്ള പര്‍ച്ചേസുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പേയു ക്രെഡിറ്റ് നല്‍കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസിനുശേഷം കുറച്ചു മാസം വരെ കഴിഞ്ഞ് പണമടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന ലേസിപേ എന്ന പുതിയ ഉല്‍പ്പന്നം ഈ മാസം കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതിവേഗത്തിലുള്ള ഇടപാടാണ് ലേസി പേയുടെ പ്രത്യേകതയെന്നും ക്രെഡിറ്റ് പരിധി ഉയര്‍ത്തുകയാണ് കമ്പനിയുടെ അടുത്ത നടപടിയെന്നും റാവു പറഞ്ഞു.

അടുത്ത വര്‍ഷം പേടിഎം, ഫ്രീചാര്‍ജ്, മൊബീക്വിക്ക് എന്നിവയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോം ആരംഭിക്കാനും പേയു ആലോചിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഡിജിറ്റലായി സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കുന്ന കൂടുതല്‍ സ്ഥലങ്ങളില്‍ വാലറ്റ് ഉപയോഗപ്പെടുത്താന്‍ കമ്പനി ആലോചിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കാര്‍ഡ്/ ബാങ്ക് ഇടപാടുകള്‍ വേഗത്തില്‍ നടത്താനും കമ്പനി സൗകര്യമൊരുക്കും. പേയുവിന്റെ അടിസ്ഥാന ബിസിനസായ പേമെന്റ് ഗേറ്റ്‌വേ സര്‍വീസുകള്‍ വികസിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. കണ്‍സ്യൂമര്‍ ഇന്‍ര്‍നെറ്റ് സ്ഥാപനങ്ങളില്‍ നിന്നാണ് പേയു ഭൂരിഭാഗം വരുമാനവും വരുന്നത്. ഇ-കൊമേഴ്‌സ് മേഖലയില്‍ ഏകദേശം 50 ശതമാനമാണ് പേയു, സിട്രസ് എന്നിവയുടെ സംയുക്ത വിപണി വിഹിതം.

Comments

comments

Categories: Branding