പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് കിരീടം

പങ്കജ് അദ്വാനിക്ക് ലോക ബില്യാഡ്‌സ് കിരീടം

 

ബംഗളൂരു: ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി കിരീടം സ്വന്തമാക്കി. സിംഗപ്പൂര്‍ താരം പീറ്റര്‍ ഗില്‍ക്രിസ്റ്റിനെ 6-3ന് പരാജയപ്പെടുത്തിയാണ് പങ്കജ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. പങ്കജ് അദ്വാനി നേടുന്ന പതിനൊന്നാം ബില്യാഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പാണിത്. സ്‌കോര്‍: 151 (98) 33, 150 (97) 95, 124-150, 101 (98) 150 (89), 150 (87) 50, 152-37, 86 (86) 150, 151 (110) 104, 150 (88) 15.

ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ മ്യാന്മര്‍ താരം ഔംഗ് ഹതെയെ 5-0ന് പരാജയപ്പെടുത്തിയാണ് പങ്കജ് അദ്വാനി ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ താരം ധ്വജ് ഹരിയയെ 5-1ന് മറികടന്നായിരുന്നു പീറ്റര്‍ ഗില്‍ക്രിസ്റ്റ് ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

അടുത്തിടെ നടന്ന ഐബിഎസ്എഫ് ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കജ് അദ്വാനി വെങ്കല മെഡലും നേടിയിരുന്നു. സെമി ഫൈനലില്‍ വെയ്ല്‍സ് താരം ആന്‍ഡ്രു പഗേറ്റിനോട് 2-7ന് പരാജയപ്പെട്ടതോടെയാണ് മുന്‍ ചാമ്പ്യനായ പങ്കജ് അദ്വാനി വെങ്കലത്തില്‍ ഒതുങ്ങിയത്. പതിനഞ്ച് തവണ ലോക ചാമ്പ്യനായ പങ്കജിന് ആവശ്യത്തിന് വിശ്രമം ലഭിക്കാതെയുള്ള മത്സര ഷെഡ്യൂളാണ് അന്ന് തിരിച്ചടിയായത്.

അന്നത്തെ ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മണിക്കൂര്‍ നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ശേഷം വിശ്രമമില്ലാതെയാണ് പങ്കജ് അദ്വാനി സെമി ഫൈനലിനിറങ്ങിയത്. ലോക സ്‌നൂക്കര്‍, ബില്യാഡ്‌സ് എന്നീ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും മത്സരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക താരം കൂടിയാണ് പങ്കജ് അദ്വാനി.

Comments

comments

Categories: Slider, Sports