കൂടുംബശ്രീ സേവനമേഖലയിലേക്ക്: മന്ത്രി കെ ടി ജലീല്‍

കൂടുംബശ്രീ സേവനമേഖലയിലേക്ക്: മന്ത്രി കെ ടി ജലീല്‍

കൊച്ചി: റെയ്ല്‍വെ അടക്കമുള്ള മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന രീതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ പരിപാലന ചുമതല കുടുംബശ്രീയെ എല്‍പ്പിക്കുന്നതു സംബന്ധിച്ച് കുടുംബശ്രീയും കൊച്ചി മെട്രോ റയില്‍ ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം ഒപ്പു വച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എസ് ഹരികിഷോറും കൊച്ചി മെട്രോ ഡയറക്റ്റര്‍(സിസ്റ്റംസ്) പ്രവീണ്‍ ഗോയലൂം ധാരണാപത്രം കൈമാറിയത്.

കുടുംബശ്രീ വ്യാപകമായ രീതിയില്‍ സേവനമേഖലയിലേക്ക് പ്രവേശിക്കുന്നതിന്റെ തുടക്കമാണ് കൊച്ചി മെട്രോയുമായുളള ഈ ധാരണാപത്രമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മെട്രോ സ്‌റ്റേഷനുകളിലെ പരിപാലനചുമതലയ്ക്കു പുറമെ ടിക്കറ്റ് വിതരണം, പാര്‍ക്കിംഗ്, പൂന്തോട്ടപരിപാലനം എന്നിവയും കുടുംബശ്രീ അംഗങ്ങളായിരിക്കും നടപ്പാക്കുക. തുടക്കത്തില്‍ 300 പേര്‍ക്കും ഭാവിയില്‍ 1800 പേര്‍ക്കും കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെയും ഇതിലുള്‍പ്പെടുത്തും. കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ കെഎംആര്‍എല്‍ അധികൃതരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമായിരിക്കും കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വേതനം സംബന്ധിച്ച തീരുമാനം. എറണാകുളം സൗത്ത് റയില്‍വെ സ്‌റ്റേഷനിലെ പാര്‍ക്കിംഗിന്റെ ചുമതല ഇപ്പോള്‍ കുടുംബശ്രീയ്ക്കാണ്. റയ്ല്‍വെസ്‌റ്റേഷനുകളിലെ പരിപാലനചുമതല എറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്വകാര്യ എജന്‍സികള്‍ ഇടനിലക്കാരായി ഓഫീസുകളുടെയും സ്‌റ്റേഷനുകളുടെയും പരിപാലനചുമതല എറ്റെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും ലഭിക്കുന്നില്ല. കുടുംബശ്രീ ഇടനിലക്കാരാവുമ്പോള്‍ തൊഴിലാളികള്‍ ഇത്തരം ചൂഷണത്തില്‍ നിന്ന് വിമുക്തരാവുന്നുവെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് മേഖലകളിലെ പാര്‍ക്കിങ്, കഫെ എന്നിവയുടെ നടത്തിപ്പു ചുമതല എറ്റെടുക്കുന്നതിനെക്കുറിച്ച് കുടുംബശ്രീ ആലോചിക്കുന്നുണ്ട്.

Comments

comments

Categories: Branding