‘സഹകരണമേഖലയ്‌ക്കെതിരായ നീക്കത്തെ കേരളം ചെറുത്തുതോല്‍പ്പിക്കും’

‘സഹകരണമേഖലയ്‌ക്കെതിരായ നീക്കത്തെ കേരളം ചെറുത്തുതോല്‍പ്പിക്കും’

കൊച്ചി: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സഹകരണ മേഖല സംരക്ഷണ കാംപെയ്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം ചോര്‍ത്തിക്കളയാനുള്ള ഗൂഢനീക്കത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ചെറുത്തു തോല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമികം, ജില്ല, സംസ്ഥാനം എന്നിങ്ങനെ ത്രിതലങ്ങളിലായി സഹകരണമേഖലയില്‍ നിക്ഷേപിച്ചിട്ടുള്ള ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണമേഖല നേരിടുന്ന ഭീഷണിക്കെതിരെ സഹകാരികളുടെ അഭൂതപൂര്‍വമായ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജനസഹകരണത്തോടെ വളര്‍ന്ന് പന്തലിച്ച പ്രസ്ഥാനമായ സഹകരണമേഖലയ്ക്ക് നേട്ടങ്ങളുടെ ചരിത്രമാണുള്ളത്. കേരളത്തിലെ കുടുംബങ്ങളില്‍ ബാങ്ക് എക്കൗണ്ട് വ്യാപകമാക്കിയത് സഹകരണമേഖല നടത്തിയ പ്രവര്‍ത്തനങ്ങളാണ്. കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ് ഈ ബാങ്കുകള്‍. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ പരമ്പരാഗത വ്യവസായത്തില്‍ ശക്തമായി നിലകൊള്ളുന്നത് സഹകരണ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃ വ്യവസായം, ക്ഷീര വ്യവസായം തുടങ്ങി ഐടി വരെയുള്ള രംഗങ്ങളിലെല്ലാം സഹകരണമേഖല ശക്തമായ സാന്നിധ്യമാണ്. വായ്പാ മേഖലയില്‍ സമാനതകളില്ലാത്ത മുന്നേറ്റം കേരളത്തിന് നേടിക്കൊടുത്തതും സഹകരണമേഖലയാണ്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ അത്താണിയാണ് സഹകരണമേഖലയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സഹകരണമേഖലയ്‌ക്കെതിരെ വ്യാജപ്രചാരണം നയിക്കുന്നത് ഒരു വിഭാഗം മാത്രമാണ്. നാടിന്റെ അഭിമാനമായ സഹകരണമേഖല തകര്‍ന്നാലും വേണ്ടില്ല കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെ ന്യായീകരിക്കണമെന്ന സമീപനമാണ് ഇവരുടേത്. അതേസമയം ഈ രംഗം പ്രശ്‌നങ്ങള്‍ നേരിട്ട ഘട്ടത്തിലെല്ലാം ഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ച ചരിത്രമാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. ഇതിനെതിരെ നിലകൊള്ളുന്നവരെ ജനം തിരിച്ചറിയും. സഹകരണമേഖല കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന അസംബന്ധ പ്രചാരണം കേരളം തള്ളിക്കളയും. തികച്ചും സുതാര്യമായ രീതിയിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഇടപാടുകാരനെ കുറിച്ചും മറ്റ് ബാങ്കുകളേക്കാള്‍ കൃത്യമായ വിവരമുള്ള ബാങ്കുകളാണ് സഹകരണമേഖലയിലുള്ളത്. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് പരിശോധിക്കുന്നതിന് ഒരു തടസവുമില്ല. അതല്ലാതെ വ്യാജപ്രചാരണം നടത്തുകയല്ല വേണ്ടത്. ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ക്ക് ഏതു വിവരവും നല്‍കാന്‍ സഹകരണസംഘങ്ങള്‍ തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Comments

comments

Categories: Politics

Related Articles