കശ്മീര്‍ പറുദീസയിലേക്ക് ഒരു തിരിച്ചുവരവ്

കശ്മീര്‍ പറുദീസയിലേക്ക് ഒരു തിരിച്ചുവരവ്

ശ്രീശ്രീ രവിശങ്കര്‍

ശ്മീരില്‍ ശാന്തിയും സ്ഥിരതയും കൈവരിക്കാന്‍ ഒരു ഹോളിസ്റ്റിക് (സമഗ്രം) സമീപനം അത്യാവശ്യമാണ്. ഇരു കക്ഷികളുടെയും പങ്കാളിത്തത്തിലൂടെ മാത്രമെ കശ്മീരില്‍ ശരിയായ സമാധാനം നിലനില്‍ക്കുകയുള്ളൂ. മാനുഷിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള കാഴ്ചപ്പാടുകളോടെ രണ്ടു കക്ഷികളും സംഭാഷണം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇത്തരം പരിപാടികള്‍ക്ക് സൗകര്യമൊരുക്കാന്‍ ‘കശ്മീര്‍-പറുദീസയിലേക്ക് തിരിച്ചുവരവ്’ എന്ന പേരില്‍ ഒരു സമ്മേളനം കഴിഞ്ഞയാഴ്ച ജമ്മുവില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പിന്തുണയോടെ നടക്കുകയുണ്ടായി.

കശ്മീരിലെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം പേരും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി കശ്മീരി സമൂഹത്തിലെ വിവിധ വിഭാഗങ്ങളോട് ഞാന്‍ സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ശാന്തിയും തീവ്രവാദത്തില്‍ നിന്നുള്ള മോചനവുമാണ് വേണ്ടത്.

ഹര്‍ത്താലുകളുടെയും നിശാനിയമങ്ങളുടെയും ഇടയില്‍പെട്ട് വലയുന്ന ആളുകള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന് സ്വന്തം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തീവ്രമായ ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ക്ക് തീവ്രവാദികളെയും തീവ്രവാദത്തെ പ്രകോപിപ്പിക്കുന്നവരെയും ഭയമാണ്. കശ്മീര്‍ താഴ്‌വരയില്‍ രക്തം ഒഴുക്കുന്ന കുറച്ച് പേരെ നയിക്കുന്നത് തല്‍പര കക്ഷികളുടെ നിഗൂഢ താല്‍പര്യങ്ങളാണ്.

പ്രകോപനത്തിന് പകരം പ്രചോദനമാണ് കശ്മീരിന് ഇന്നാവശ്യം. പഴയ തന്ത്രങ്ങള്‍ ഫലവത്താകുകയില്ല. ശാന്തി ആഗ്രഹിക്കുന്ന ഇമാമുകളും സൂഫി സന്യാസിമാരും ബുദ്ധിജീവികളും നയതന്ത്രജ്ഞരും വൃദ്ധരും യുവാക്കളുമടങ്ങുന്ന വലിയ ഒരു വിഭാഗം ആളുകള്‍ കശ്മീരിലുണ്ട്. ശാന്തി പുനഃസ്ഥാപിക്കാന്‍ പരിശ്രമിക്കുന്ന ഇവര്‍ അവഗണിക്കപ്പെട്ടിരിക്കുന്നു. സമാധാനം കാംഷിക്കുന്ന, ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരെ ഒന്നിച്ചുകൊണ്ടുവരുന്നതിനു വേണ്ടി ‘സൗത്ത് ഏഷ്യന്‍ ഫോറം ഫോര്‍ പീസ്’ എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ശാന്തിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായ അറിയപ്പെടാത്തവരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നതിനുവേണ്ടിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

പ്രചോദിതരായ ഒരു ജനസമൂഹമുണ്ടെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിപാടികളും പരിശ്രമങ്ങളും സാധ്യമാകും. ഏത് സംഘട്ടനത്തിനുമുള്ള കാരണം വിശ്വാസത്തിന്റെ അഭാവമാണ്. കശ്മീരിലെ ജനങ്ങള്‍ സര്‍ക്കാരിനെയോ സാമൂഹ്യ സംഘടനകളെയോ വിശ്വസിക്കുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച മാറ്റാന്‍ നമ്മള്‍ പ്രവര്‍ത്തിക്കണം.

വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം. ശാന്തി, ന്യായം, സാമൂഹ്യ സമത്വം, സമാധാനം, സാഹോദര്യം എന്നീ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് വേണം ഇരു കക്ഷികളും ചര്‍ച്ചകളിലേര്‍പ്പെടാന്‍. ജനങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്താത്തിടത്തോളം കാലം അലങ്കാര പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് ഒരു പ്രയോജനവുമില്ല. നമ്മള്‍ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ തടവുകാരാവരുത്. പകരം ആളുകളെ ശാന്തിയിലേക്ക് നയിക്കുന്ന പുതിയ ഒരു പ്രത്യയശാസ്ത്രം സൃഷ്ടിക്കണം. റെഡിമെയ്ഡായി ഒരു പരിഹാരവുമില്ല. തെരുവു യുദ്ധങ്ങളോ ഉരുളന്‍ കല്ലുകളോ തോക്കുകളോ അല്ല പരിഹാരം. പ്രത്യയശാസ്ത്രങ്ങളും ഏതെങ്കിലും വിഭാഗങ്ങളോടുള്ള കൂറും അതേപടി നിലനിര്‍ത്തിക്കൊണ്ട് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അവിടത്തെ ജനങ്ങള്‍ തന്നെ പരിഹാരം കണ്ടെത്തണം.

യുവാക്കള്‍ക്ക് ലഹരിവിമുക്ത പരിശീലന പരിപാടികള്‍ക്കൊപ്പം ആത്മവിശ്വാസം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. മനുഷ്യത്വത്തിനും സൂഫി വിശ്വാസങ്ങള്‍ക്കും എതിരാണ് തീവ്രവാദം. ഈ മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങളും ഹിംസയും മാനസികാഘാതങ്ങളും അകറ്റാന്‍ വര്‍ഷങ്ങളായി ആര്‍ട്ട് ഓഫ് ലിവിംഗ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മാനുഷിക മൂല്യങ്ങള്‍ രാഷ്ട്രീയത്തെ മറികടക്കുമെന്ന വിശ്വാസം കശ്മീര്‍-പറുദീസയിലേക്ക് തിരിച്ചുവരണമെന്ന വമ്പിച്ച സമ്മേളനത്തില്‍ നിന്നും എനിക്ക് മനസ്സിലായി.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ യാത്രചെയ്തുകൊണ്ടാണ് സൂഫി സന്യാസികളും യുവാക്കളും സമ്മേളനത്തിനെത്തിയത്. ഇതില്‍ പങ്കെടുത്ത സ്ത്രീകളുടെയും വൃദ്ധജനങ്ങളുടെയും ഉത്സാഹം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സമ്മേളന സ്ഥലത്തെ അനിയന്ത്രിത തിരക്ക് കാരണം നിരവധി പേര്‍ക്ക് പങ്കെടുക്കാനാവാതെ നിരാശരായി തിരിച്ചുപോകേണ്ടതായും വന്നിട്ടുണ്ട്. ശാന്തി സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കശ്മീര്‍ താഴ്‌വരകളില്‍ ഇത്തരം സമ്മേളനങ്ങള്‍ തുടര്‍ന്നും ആര്‍ട്ട് ഓഫ് ലിവിംഗ് നടത്തും.

Comments

comments

Categories: FK Special