ഇസ്ലാമിക് ബാങ്കിംഗ്: നിലപാട് വ്യക്തമാക്കി കേന്ദ്രം

ഇസ്ലാമിക് ബാങ്കിംഗ്: നിലപാട് വ്യക്തമാക്കി കേന്ദ്രം

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുന്നതിന് ഇസ്ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ അത്ര പ്രസക്തിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വര്‍ ഇത് വ്യക്തമാക്കിയത്. ജന്‍ധന്‍ യോജന, സുരക്ഷ ഭീമ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ഈ ആശയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയത്.

ഇസ്ലാമിക് ബാങ്കിംഗിനു കീഴില്‍ പരിമിതമായ സേവനങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ കൂടി നിരവധി നിയമപരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇസ്ലാമിക് ബാങ്കിംഗ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി നടപ്പാക്കുന്നതിന് ഉപയോഗപ്പെടുത്താമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക പിന്തുണ ഇതിലൂടെ നേടാമെന്നായിരുന്നു പല വിദഗ്ധരും മുന്നോട്ടുവെച്ച ആശയം.
ഈ വര്‍ഷം മേയ് മാസത്തിലാണ് ആര്‍ബിഐ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാങ്കുകള്‍ക്ക് പലിശ രഹിത ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശമായിരുന്നു ഇതില്‍ പ്രധാനം. ഇസ്ലാമിക് ബാങ്കിംഗിലെ ആശയങ്ങള്‍ വേണമെങ്കില്‍ ഇവിടെ പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. എന്നാല്‍ അതില്‍ ഇസ്ലാമിക് എന്ന പേരുവരുമ്പോള്‍ മതപരമായ മാനദണ്ഡം ബാങ്കിംഗ് പോലൊരു പ്രക്രിയക്ക് കൈവരുമെന്നതാണ് പ്രശ്‌നം. എന്തായാലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ കേന്ദ്ര നടപടി ഉചിതമായി.

Comments

comments

Categories: Editorial