ജിഎസ് ടിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയാറെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ജിഎസ് ടിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയാറെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരാനുള്ള സാധ്യത മങ്ങുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉപദേഷ്ടാക്കളെ നിയമിച്ചെങ്കിലും ഇന്ത്യയിലെ മിക്ക സൂക്ഷ്മ ചെറുകിട കമ്പനികളും ജിഎസ്ടിക്കായി മറ്റ് തയാറെടുപ്പുകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ജിഎസ്ടി നയത്തിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ക്ക് ഏപ്രില്‍ ഒന്ന് വരെയുള്ള സമയം മതിയാകുമെന്നാണ് ചില വന്‍കിട കമ്പനികള്‍ പറയുന്നത്. അതേസമയം 40 ശതമാനത്തോളം വന്‍കിട കമ്പനികള്‍ മാത്രമെ ചരക്ക് സേവന നികുതി നയത്തെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുള്ളു എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം.

ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ, ഓട്ടോ ആന്‍സെലറി തുടങ്ങിയ വിഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനികള്‍ ആദ്യം ജിഎസ്ടി നയം സ്വീകരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ സേവന മേഖലകള്‍ ഇപ്പോഴും നയം സ്വീകരിക്കുന്നതിന് സജ്ജമല്ലെന്ന് കെപിഎംജി ഇന്‍ഡയറക്റ്റര്‍ ടാക്‌സ് മേധാവി സച്ചിന്‍ മേനോന്‍ പറഞ്ഞു. എന്നാല്‍ ഏകീകൃത നയം ഉള്‍കൊളളുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഏപ്രില്‍ ഒന്നിനുള്ളില്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും സജ്ജമാകുമെന്നുമാണ് റീട്ടെയ്ല്‍ പ്രമുഖരായ ഫ്യൂച്ചര്‍ ഗ്രൂപ്പ്, ഷോപ്പേഴ്‌സ് സ്‌റ്റോപ്പ് തുടങ്ങിയ കമ്പനികള്‍ പറയുന്നത്.

കമ്പനികള്‍ പലതും തുടക്കത്തില്‍ ആവേശം കാണിച്ചെങ്കിലും പിന്നീട് ജിഎസ്ടിക്ക് മുന്നോടിയായുള്ള നീക്കങ്ങള്‍ മന്ദഗതിയിലാക്കിയതിന്റെ പ്രധാന കാരണം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും തര്‍ക്കിച്ച് പിരിഞ്ഞതോടെ കമ്പനികള്‍ പലരും നയം സംബന്ധിച്ച് ആശങ്കയിലാണ്. നികുതി ഏര്‍പ്പെടുത്തുന്നതിലെ ഇരട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. തര്‍ക്കം രൂക്ഷമായതോടെ ജിഎസ്ടി ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാനാവില്ലെന്നുറപ്പായി.

ഏപ്രില്‍ മാസത്തോടെ വ്യാവസായിക രംഗം യഥാര്‍ത്ഥത്തില്‍ ജിഎസ്ടി നയം അംഗീകരിക്കുന്നതിന് സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ബിസിലേരി ഇന്റര്‍നാഷണല്‍ ഡയറക്റ്റര്‍ അഞ്ജന ഘോഷ് പറഞ്ഞത്. കുറേ മുന്‍പു തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയവര്‍ക്ക് ഒരുപക്ഷേ നയത്തിന്റെ പ്രയോജനം ലഭിച്ചേക്കും. എന്നാല്‍ ഇപ്പോഴും ഒരു രീതിയിലുള്ള തയാറെടുപ്പുകളും ആരംഭിക്കാത്ത ധാരാളം കമ്പനികളുണ്ടെന്നും അഞ്ജന ഘോഷ് ചൂണ്ടിക്കാട്ടി. .

Comments

comments

Categories: Slider, Top Stories