മാന്ദ്യത്തില്‍ തുടരുന്ന ഇന്ത്യ ഇന്‍ക്.

മാന്ദ്യത്തില്‍ തുടരുന്ന ഇന്ത്യ ഇന്‍ക്.

 

ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം ആവശ്യകത ഇപ്പോഴും കുറഞ്ഞു തന്നെയിരിക്കുകയാണ്. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ കമ്പനികളുടെ അറ്റലാഭത്തില്‍ 11.26 ശതമാനം വര്‍ധനയുണ്ടെന്നാണ് അടുത്തിടെ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനം പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് കമ്പനികള്‍ സാമ്പത്തിക അച്ചടക്കം പാലിച്ചതിനാല്‍ നേടിയതാണെന്നതാണ് വാസ്തവം. കാരണം കമ്പനികളുടെ വില്‍പ്പനയുടെ കണക്കുകള്‍ തന്നെ പറയും. അറ്റാദായത്തില്‍ 11.26 ശതമാനം വര്‍ധന വന്നപ്പോള്‍ വില്‍പ്പനയിലുണ്ടായിരിക്കുന്നത് കേവലം 4.8 ശതമാനം വര്‍ധന മാത്രമാണ്. 2,558 കമ്പനികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വില്‍പ്പനയെ ബാധിച്ച കണക്കുകള്‍ ഇതില്‍ വന്നിട്ടില്ല. അതുകൂടി പരിഗണിച്ചു നോക്കുമ്പോള്‍ അടുത്ത പാദത്തിലെ അവസ്ഥ പരിതാപകരമായിരിക്കും. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ ആവശ്യകതയ്ക്ക് വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് വില്‍പ്പനയില്‍ രൂക്ഷമായ പ്രത്യാഘാതമുണ്ടാക്കിയിരിക്കുന്നു. ആവശ്യകത കുറഞ്ഞതിനാല്‍ ഓട്ടോ, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളുടെ പ്രകടനം ശരാശരിയിലും താഴെയായിരിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
നവംബറില്‍ വിവിധ വിഭാഗങ്ങളിലുള്ള വാഹന വില്‍പ്പനയില്‍ 5.48 ശതമാനം ഇടിവാണ് നേരിട്ടതെന്ന് ഓര്‍ക്കുക. 43 മാസത്തിനിടെയുള്ള ഏറ്റവും മോശം പ്രകടനമാണിത്. ഉപഭോക്താക്കള്‍ വാഹനം വാങ്ങുന്ന തീരുമാനം നീട്ടിവെക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എഫ്എംസിജി മേഖലയിലെ വില്‍പ്പനയെ 30 ശതമാനത്തോളം നോട്ട് അസാധുവാക്കല്‍ ബാധിക്കുമെന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ പദ്ധതികള്‍ മാന്ദ്യം പിടിച്ചുനിര്‍ത്താന്‍ ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യമെന്ന് സര്‍ക്കാരും തിരിച്ചറിയണം.

Comments

comments

Categories: Editorial