വില്‍പ്പന ഇടിഞ്ഞു, ഹോം അപ്ലയന്‍സ് കമ്പനികള്‍ വില തല്‍ക്കാലം ഉയര്‍ത്തില്ല

വില്‍പ്പന ഇടിഞ്ഞു, ഹോം  അപ്ലയന്‍സ് കമ്പനികള്‍  വില തല്‍ക്കാലം ഉയര്‍ത്തില്ല

 

കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം വില്‍പ്പനയില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ നിര്‍മാതാക്കള്‍ ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കില്ല. വില അഞ്ചു ശതമാനം ഉയര്‍ത്താനാണ് കമ്പനികള്‍ ആലോചിച്ചിരുന്നത്. 2017 മാര്‍ച്ചു വരെ നോട്ട് അസാധുവാക്കലിന്റെ മോശംഫലങ്ങള്‍ വ്യവസായ മേഖലയെ ബാധിക്കുമെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു.

ഉപകരണ ഘടകങ്ങളുടെ വില വര്‍ധിച്ചതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷ്ണര്‍ എന്നിവയുടെ വില ഉയര്‍ത്തേണ്ട അവസ്ഥ സംജാതമാക്കിയത്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ അവരുടെ പദ്ധതികളെ തകിടംമറിച്ചു. വില ഉയര്‍ത്തുന്ന തീരുമാനം മാറ്റിയ വിവരം കമ്പനികള്‍ വിതരണക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഒട്ടുമിക്ക ബ്രാന്‍ഡുകളും ജനുവരിയില്‍ വില പുനഃപരിശോധന നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടാവില്ല- പ്രമുഖ വൈറ്റ് ഗുഡ്‌സ് (വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് പോലുള്ള വലിയ ഇലക്ട്രിക്ക് സാധനങ്ങള്‍) റീട്ടെയ്ല്‍ ശൃംഖലയായ ഗ്രേറ്റ് ഈസ്‌റ്റേണിന്റെ ഡയറക്റ്റര്‍ പുല്‍കിത് ബെയ്ഡ് വ്യക്തമാക്കി.
അതേസമയം, ജനുവരിയില്‍ വില ഉയര്‍ത്താന്‍ കമ്പനിക്ക് പദ്ധതിയില്ലെന്ന് പാനാസോണിക് ഇന്ത്യയുടെ സിഇഒയായ മനീഷ് ശര്‍മ്മ പറഞ്ഞു. നോട്ട് അസാധുവാക്കിലെ തുടര്‍ന്നുണ്ടായ ബിസിനസ് അവസരങ്ങളുടെ നഷ്ടം വീണ്ടെടുക്കാന്‍ കമ്പനിക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ വേനല്‍ക്കാലത്തില്‍ സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ പ്രഖ്യാപനത്തിനു ശേഷം നവംബറില്‍ വൈറ്റ് ഗുഡ്‌സിന്റെ വില്‍പ്പനയില്‍ 45- 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ മാസം നഗരങ്ങളില്‍ ഇവയുടെ വില്‍പ്പനയില്‍ നേരിയ പുരോഗതിയുണ്ട്. ഏകദേശം 55-60 ശതമാനം വാങ്ങലുകളും കറന്‍സി രൂപത്തിലെ ഇടപാടിലാണ് സാധ്യമാകുന്നത്.
കമ്പനികള്‍ തങ്ങളുടെ വളര്‍ച്ചാ പദ്ധതികള്‍ അടുത്ത വര്‍ഷം നവീകരിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചെലവുകള്‍ വര്‍ധിക്കാതിരിക്കാന്‍ കമ്പനി മുതല്‍മുടക്ക് കുറയ്ക്കുമെന്ന് വീഡിയോകോണിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സി എം സിംഗ് പറഞ്ഞു. വേനല്‍ക്കാലത്തില്‍ ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍ എന്നിവയുടെ ആവശ്യകത ഉയരുമെന്നതിനാല്‍ വില്‍പ്പന വീണ്ടെടുക്കാനാകുമെന്ന് ഗോദ്‌റെജ് അപ്ലൈയന്‍സ് ബിസിനസ് തലവനായ കമാല്‍ നന്ദി സൂചിപ്പിച്ചു.

Comments

comments

Categories: Business & Economy