ഹാക്കിംഗ്: ജയലളിതയുടെ സുപ്രധാന ചികിത്സാ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ലീജിയണ്‍

ഹാക്കിംഗ്:  ജയലളിതയുടെ സുപ്രധാന ചികിത്സാ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ലീജിയണ്‍

 

ന്യൂഡെല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈ അപ്പോളോ ആശുപത്രിയുടെ സെര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയണ്‍ പറയുന്നു. ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് ഹാക്കര്‍മാരുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. അപ്പോളോ ആശുപത്രി സര്‍വറിലെ രഹസ്യവിവരങ്ങള്‍ പുറത്തുവന്നാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നാണ് ഹാക്കര്‍മാരുടെ അഭിപ്രായം.

ലോകത്തെ പ്രമുഖരായ നിരവധി പേരുടെ സോഷ്യല്‍ മീഡിയ, ഇമെയില്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘമാണ് ലീജിയണ്‍. പ്രത്യേക എന്‍ക്രിപ്റ്റഡ് മെസഞ്ചര്‍ വഴി വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലീജിയണ്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ നാല്‍പ്പതിനായിരത്തിലധികം സെര്‍വറുകളില്‍ കടന്നുകയറിയതായും ഇവയെല്ലാം പുറത്തുവിടുമെന്നും ഹാക്കര്‍മാര്‍ പറയുന്നു.

രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ എക്കൗണ്ട് ചോര്‍ത്തി നിരവധി രഹസ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തതും ഇതേ സംഘമാണ്.

സര്‍ക്കാര്‍ ഡൊമെയ്‌നുകളില്‍ നുഴഞ്ഞുകയറുമെന്നും ലീജിയണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭ, ലോക്‌സഭ എംപിമാരുടെ ഇ-മെയില്‍ വിലാസം ഉള്‍ക്കൊള്ളുന്ന sansad.nic.in എന്ന ഡൊമെയ്‌നാണ് അടുത്ത ലക്ഷ്യമെന്ന് ഇവര്‍ വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാസികയ്ക്ക് നല്‍കിയ രഹസ്യ ചാറ്റിങ്ങിലൂടെയാണ് ഹാക്കര്‍മാര്‍ പുതിയ നുഴഞ്ഞുകയറ്റ പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലെ നെറ്റ്‌വര്‍ക്കുകള്‍ തീരെ സുരക്ഷിതമല്ലെന്നും ഇത്തരം കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഹാക്കര്‍ പറയുന്നു.

ഇന്ത്യയിലെ പേമെന്റ് കോര്‍പ്പറേഷന്റെയും (എന്‍പിസിഐ) ബാങ്കിംഗ് സാങ്കേതികവിദ്യകള്‍ക്കായുള്ള ഗവേഷണ സ്ഥാപനമായ ഐഡിആര്‍ബിടി യുടെയും സെര്‍വറുകളില്‍ നുഴഞ്ഞുകയറാന്‍ കഴിയുമെന്നും ബാങ്കുകളുടെ സെര്‍വറുകള്‍ ഹാക്കുചെയ്യുമെന്നും ഹാക്കര്‍മാര്‍ ഭീഷണി മുഴക്കി. ഇടപാട് നടന്നതായുള്ള വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

Comments

comments

Categories: Slider, Top Stories