നിക്ഷേപങ്ങള്‍ നിരീക്ഷിക്കണമെന്ന് ബാങ്കുകളോട് ധനമന്ത്രാലയം

നിക്ഷേപങ്ങള്‍ നിരീക്ഷിക്കണമെന്ന്  ബാങ്കുകളോട് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: പഴയതും പുതിയതുമായ നോട്ടുകള്‍ ഉപയോഗിച്ചുള്ളതും സ്വര്‍ണ്ണത്തിന്റെ രൂപത്തിലുള്ളതുമായ വലിയ നിക്ഷേപങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കണമെന്ന് ബാങ്കുകളോട് കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്കുകള്‍ മൗനാനുവാദം നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്.
പുതിയതും പഴയതുമായ നോട്ടുകള്‍ നിക്ഷേപിക്കുന്ന ഇടപാടുകാരുടെ വിവരങ്ങള്‍ ബാങ്കു രേഖകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് പൊതുമേഖല ബാങ്കുകളോടും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനോടും മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.
പുതിയ നോട്ടുകള്‍ ഉപയോഗിച്ചുള്ള നിക്ഷേപം നിരോധിക്കപ്പെട്ട 500, 1000 നോട്ടുകളിലൂടെ നടത്തിയതാണെന്ന് വരുത്തിയശേഷം പുതു കറന്‍സികള്‍കൊണ്ട് കള്ളപ്പണം വെളുപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
ഒട്ടുമിക്ക ബാങ്കുകളും ഇടപാടുകാര്‍ക്ക് നിക്ഷേപം സംബന്ധിച്ച ശരിയായ വിവരം നല്‍കിയിരുന്നു. രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളും നിക്ഷേപങ്ങളില്‍ ജാഗ്രത കാണിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഇടപാടുകാരെ അറിയിച്ചിട്ടുമുണ്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളം നടത്തിയ റെയ്ഡില്‍ പഴയ നോട്ടുകളുടെ രഹസ്യ ശേഖരങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ നോട്ടുകളുടെ ശേഖരവും പിടിച്ചെടുക്കപ്പെട്ടു. ഡെല്‍ഹിയില്‍ നിയമ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 2.6 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ കണ്ടെത്തുകയുണ്ടായി. വ്യക്തികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പുതിയ നോട്ടുകളുടെ ഇത്രയധികം തുക ശേഖരിച്ചത്. ഡിസംബര്‍ ആറിന് അധികൃതര്‍ 130 കോടിയിലധികം രൂപയും ജുവല്‍റിയും പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിക്കഴിഞ്ഞു. അതേസമയം, ആവശ്യത്തിന് കറന്‍സി ഇല്ലാത്തതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വ്യക്തികള്‍ക്ക് തങ്ങളുടെ എക്കൗണ്ടില്‍ നിന്ന് ഒരാഴ്ച 24,000 രൂപ പിന്‍വലിക്കാന്‍ കഴിയും. കറണ്ട് എക്കൗണ്ടുകള്‍ക്ക് 50,000 രൂപയാണ് പ്രതിവാര പിന്‍വലിക്കല്‍ പരിധി. മിക്കവാറും സന്ദര്‍ഭങ്ങളിലും ഇത്രയും തുക നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Comments

comments

Categories: Slider, Top Stories