ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് ജയം, ലിവര്‍പൂളിന് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  യുണൈറ്റഡിന് ജയം, ലിവര്‍പൂളിന് സമനില

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ ടീമുകള്‍ക്ക് ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ വിജയം. ചെല്‍സി വെസ്റ്റ് ബ്രോമിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാം ഹോട്‌സ്പറിനെയും സതാംപ്ടണ്‍ മിഡില്‍സ്ബറോയെയുമാണ് പരാജയപ്പെടുത്തിയത്. അതേസമയം, ഹോം ഗ്രൗണ്ട് മത്സരത്തില്‍ ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനോട് സമനില വഴങ്ങി.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ വെസ്റ്റ് ബ്രോമിനെതിരായ ജയം. മത്സരത്തിന്റെ 76-ാം മിനുറ്റില്‍ ഡീഗോ കോസ്റ്റയായിരുന്നു ചെല്‍സിക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്. പ്രീമിയര്‍ ലീഗ് സീസണിലെ ഡീഗോ കോസ്റ്റയുടെ പന്ത്രണ്ടാം ഗോളായിരുന്നു ഇത്. ലീഗില്‍ ചെല്‍സി നേടുന്ന തുടര്‍ച്ചയായ ഒന്‍പതാം മത്സര വിജയം കൂടിയായിരുന്നു വെസ്റ്റ് ബ്രോമിനെതിരായത്.

ഹെന്റിക് മിതരിയാന്‍ നേടിയ പ്രീമിയര്‍ ലീഗിലെ കന്നി ഗോളിന്റെ ബലത്തില്‍ 1-0ത്തിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ തൊടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു. വിജയിക്കാനാവാത്ത തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ജയം കണ്ടെത്താനായത് യുണൈറ്റഡിന് ആശ്വാസമായി.

എതിരില്ലാത്ത ഒരു ഗോളിനാണ് സതാംപ്ടണ്‍ മിഡില്‍സ്ബറോയെ മറികടന്നത്. മത്സരത്തിന്റെ 53-ാം മിനുറ്റില്‍ ബൗഫലാണ് സതാംപ്ടണിന് വേണ്ടി വല കുലുക്കിയത്. പ്രീമിയര്‍ ലീഗിലെ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ ലൈസസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും ആഴ്‌സണല്‍ 3-1ന് സ്‌റ്റോക് സിറ്റിയെയും പരാജയപ്പെടുത്തിയിരുന്നു.

പ്രീമിയര്‍ ലീഗിലെ പതിനഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 37 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്നും 34 പോയിന്റുമായി ആഴ്‌സണലാണ് രണ്ടാമത്. യഥാക്രമം 31, 30 പോയിന്റ് വീതമുള്ള ലിവര്‍ പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 24 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ്.

Comments

comments

Categories: Sports