നോട്ട് നിരോധനം: ഇന്ധന വില്‍പ്പന 10 ശതമാനം ഉയര്‍ന്നു

നോട്ട് നിരോധനം: ഇന്ധന വില്‍പ്പന  10 ശതമാനം ഉയര്‍ന്നു

 
ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ഇന്ധന വില്‍പ്പന 10 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള ചില പൊതുസേവന മേഖലകളെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പെട്രോള്‍ പമ്പുകളില്‍ തിരക്കേറുന്നതിന് ഇത് ഇടയാക്കി. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ വാഹനങ്ങളില്‍ ഇന്ധനം നിറച്ചതോടെ വില്‍പ്പന ഉയര്‍ന്നു.
നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ ഏഴ് വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്നു പൊതുമേഖല കമ്പനികളും ചേര്‍ന്ന് പ്രതിദിനം ഏകദേശം 89,0000 കിലോ ലിറ്റര്‍ പെട്രോള്‍ വിറ്റഴിച്ചെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലെ ശരാശരി ദിവസ വില്‍പ്പനയേക്കാള്‍ 11 ശതമാനം കൂടുതലാണിത്. നോട്ട് അസാധുവാക്കലിനു ശേഷം പെട്രോള്‍ ഉപഭോഗത്തിലെ വര്‍ധന ഈ വര്‍ഷത്തെ ശരാശരി വളര്‍ച്ചയ്ക്ക് തുല്യം നിന്നു. പെട്രോളിനെ അപേക്ഷിച്ച് ഡീസലിന് കൂടുതല്‍ ആവശ്യകതയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ ഏഴുവരെ ശരാശരി 2,25,000 കിലോ ലിറ്റര്‍ ഡീസല്‍ ദിവസേന വിറ്റുപോയി. മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 11.4 ശതമാനവും ഇക്കഴിഞ്ഞ ഒക്‌റ്റോബറിലേതിനെക്കാള്‍ 7.6 ശതമാനവും അധികം വരുമിത്. ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെ ഡീസല്‍ ഉപഭോഗത്തിന് വെറും മൂന്നു ശതമാനം മാത്രമേ വളര്‍ച്ചയുണ്ടായിരുന്നുള്ളു.
രാജ്യത്തെ 90 ശതമാനത്തോളം ഇന്ധന വില്‍പ്പനയും പൊതുമേഖല കമ്പനികളാണ് നിയന്ത്രിക്കുന്നത്. നിരോധിച്ച നോട്ടുകള്‍ വാങ്ങല്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഇന്ധന ഔട്ട്‌ലെറ്റുകളിലെ നീണ്ട വാഹനനിര ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്.

Comments

comments

Categories: Trending

Write a Comment

Your e-mail address will not be published.
Required fields are marked*