നോട്ട് അസാധുവാക്കലില്‍ ബാറ്റയുടെ പാദമിടറുന്നു

നോട്ട് അസാധുവാക്കലില്‍ ബാറ്റയുടെ പാദമിടറുന്നു

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളായ ബാറ്റയെ തളര്‍ത്തുന്നു. നോട്ട് അസാധുവാക്കിയ ശേഷമുള്ള നാളുകളില്‍ വില്‍പ്പന കുത്തനെ കുറഞ്ഞതോടെ നവംബറില്‍ ബാറ്റയുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനി കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നതിന് മുമ്പും ബാറ്റയുടെ സ്ഥിതി കേമമായിരുന്നില്ല. സെപ്റ്റംബര്‍ പാദത്തിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ കേവലം 1.6 ശതമാനം വര്‍ധന മാത്രമാണ് കരസ്ഥമാക്കാന്‍ കഴിഞ്ഞത്.

നോട്ട് അസാധുവാക്കിയ സാഹചര്യത്തില്‍ മോത്തിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് 2017, 2018 സാമ്പത്തിക വര്‍ഷങ്ങളിലെ ബാറ്റയുടെ റവന്യൂ എസ്റ്റിമേറ്റ് യഥാക്രമം 10 ശതമാനം, 6 ശതമാനം എന്നിങ്ങനെ വെട്ടിക്കുറച്ചിരിക്കുകയാണ്.

ബഹുരാഷ്ട്ര കമ്പനികളില്‍നിന്നുള്ള ശക്തമായ മത്സരവും ഇ-കോമേഴ്‌സ് കമ്പനികളുടെ സജീവ സാന്നിധ്യവുമാണ് ബാറ്റയെ കാര്യമായി ബാധിച്ചത്. വൈവിധ്യമാര്‍ന്ന പാദരക്ഷകള്‍ പുറത്തിറക്കിയെങ്കിലും കമ്പനിയെ രക്ഷിക്കാനോ വരുമാന വളര്‍ച്ച ഉറപ്പാക്കാനോ ഇതിന് സാധിച്ചില്ല.

ഇ-കോമേഴ്‌സ് കമ്പനികളില്‍നിന്നുള്ള മത്സരം വര്‍ധിച്ചതോടെ ഓണ്‍ലൈനില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ബാറ്റ. സ്വന്തം വെബ്‌സൈറ്റിനെ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുമായി ചേര്‍ക്കാന്‍ ബാറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് മാത്രമായി പ്രത്യേക ഡിസൈനുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം 130-150 പുതിയ ഉല്‍പ്പന്നങ്ങളാണ് ഇറക്കിയതെങ്കില്‍ ഈ വര്‍ഷം പുതിയ ഡിസൈനുകളിലുള്ള 400 ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തി. നിലവില്‍ കമ്പനിയുടെ ഓണ്‍ലൈന്‍ വില്‍പ്പന മൂന്ന് ശതമാനം മാത്രമാണെങ്കില്‍ 2018ല്‍ പത്ത് ശതമാനമെങ്കിലുമാക്കാനാണ് ശ്രമിക്കുന്നത്. ബാറ്റ ഇന്ത്യയുടെ ഓഹരി വിലയും വളരെയധികം ഇടിഞ്ഞിരിക്കുകയാണ്.

Comments

comments

Categories: Branding