ഡെല്‍ഹി-മുംബൈ അതിവേഗ ട്രെയ്ന്‍ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും

ഡെല്‍ഹി-മുംബൈ അതിവേഗ ട്രെയ്ന്‍ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും

 

ന്യൂഡെല്‍ഹി: ഡെല്‍ഹി-മുംബൈ അതിവേഗ ട്രെയ്ന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ യാഥാര്‍ത്ഥ്യമായേക്കും. ഇതിനായി സ്‌പെയിനിലെ ടാല്‍ഗോ കമ്പനിയില്‍നിന്ന് രണ്ട് റേക്കുകള്‍ പാട്ടത്തിനെടുക്കാന്‍ റെയ്ല്‍വേ തീരുമാനിച്ചു. ഡെല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് സഞ്ചരിക്കുന്നതിന് ടാല്‍ഗോ ട്രെയ്‌നുകള്‍ക്ക് രാജധാനി എക്‌സ്പ്രസ്സിനേക്കാള്‍ നാല് മണിക്കൂര്‍ കുറച്ച് സമയം മതി. 1384 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് പന്ത്രണ്ട് മണിക്കൂറില്‍ താഴെ സമയം ധാരാളം.

ടാല്‍ഗോ ചീഫ് എക്‌സിക്യൂട്ടീവ് ജോസ് മരിയ ഓറിയോള്‍ കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയിരുന്നു. റേക്കുകള്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം റെയ്ല്‍വേ ബോര്‍ഡുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കരാര്‍ ലഭിക്കുകയാണെങ്കില്‍ റേക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കമ്പനി തയ്യാറാണെന്ന് ജോസ് മരിയ ഓറിയോള്‍ അറിയിച്ചു.

സ്പാനിഷ് മെയ്ഡ് റേക്കുകള്‍ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ രണ്ട് റേക്കുകള്‍ അടിയന്തരമായി വേണമെന്ന് റെയ്ല്‍വേ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇത് നീതി ആയോഗിന്റെ ഇന്നൊവേഷന്‍ കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്. ഇന്നൊവേഷന്‍ കമ്മിറ്റി അനുമതി നല്‍കിയാല്‍ ലേല നടപടികള്‍ ഒഴിവാക്കി നേരിട്ട് റേക്കുകള്‍ പാട്ടത്തിനെടുക്കാന്‍ കഴിയും. നീതി ആയോഗ് അനുകൂല തീരുമാനമെടുക്കുമെന്നാണ് റെയ്ല്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈയടുത്ത കാലത്ത് ജനങ്ങള്‍ ആഭ്യന്തര യാത്രാവശ്യങ്ങള്‍ക്ക് കൂടുതലായി വിമാനങ്ങളെ ആശ്രയിക്കുന്നത് റെയ്ല്‍വേയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ടാല്‍ഗോ കോച്ചുകള്‍ വാങ്ങുന്നതിന് പകരം മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കാനാണ് റെയ്ല്‍വേ തയാറെടുക്കുന്നത്. സ്പാനിഷ് കമ്പനിക്ക് വര്‍ഷം തോറും പാട്ടത്തുക നല്‍കും. എന്നാല്‍ നീതി ആയോഗിന്റെ അനുമതി ലഭിച്ചശേഷമേ പാട്ടത്തുക സംബന്ധിച്ച് ധാരണയിലെത്തൂ. ടാല്‍ഗോ ട്രെയ്‌നുകള്‍ ഓടിക്കുന്നതിന് റെയ്ല്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി കൂടി വേണം.

ഡെല്‍ഹി-മുംബൈ പാളത്തിലൂടെ ടാല്‍ഗോ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ടാല്‍ഗോയുടെ ഓരോ കോച്ചിനും മൂന്നരക്കോടി രൂപ ചെലവ് വരും. ടാല്‍ഗോ കോച്ചിന് രാജധാനി കോച്ചിനേക്കാള്‍ ഒരു കോടി രൂപ അധികം വരുമെങ്കിലും വണ്ടിയുടെ ശരാശരി വേഗം മണിക്കൂറില്‍ ഏകദേശം 35 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും. ട്രെയ്‌നുകളുടെ ശരാശരി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ടാല്‍ഗോ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിക്ക് ലഭിക്കുന്ന കരാറിന്റെ വലുപ്പം നോക്കിയായിരിക്കും അന്തിമ തീരുമാനം.

Comments

comments

Categories: Business & Economy