ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്റ്റര്‍ പദവിയില്‍ നിന്നും മിസ്ട്രി പുറത്തേക്ക്

ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്റ്റര്‍ പദവിയില്‍ നിന്നും മിസ്ട്രി പുറത്തേക്ക്

 

മുംബൈ: ടാറ്റ ഇന്‍ഡസ്ട്രീസ് ഡയറക്റ്റര്‍ പദവിയില്‍ നിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കി. ഓഹരി ഉടമകളുടെ വോട്ടിംഗിനെ തുടര്‍ന്നാണ് തീരുമാനം. ഡയറക്റ്റര്‍ പദവിയില്‍ നിന്ന് പുറത്താക്കുന്നതോടെ ചെയര്‍മാന്‍ സ്ഥാനവും സ്വാഭാവികമായി മിസ്ട്രിക്ക് നഷ്ടമാകുമെന്ന് ടാറ്റാ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ നടന്ന എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തിലാണ് കമ്പനി ഡയറക്റ്റര്‍ സ്ഥാനത്തുനിന്നും മിസ്ട്രിയെ പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.

മിസ്ട്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ടാറ്റ പ്രസ്താവനയിറക്കി നിമിഷങ്ങള്‍ക്കുള്ളില്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി വിജയ് സിംഗിന് പങ്കുണ്ടെന്ന ആരോപണവുമായി മിസ്ട്രി രംഗത്തെത്തി. നിലവില്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ നോമിനി ഡയറക്ടറാണ് വിജയ് സിംഗ്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയ ആളായിരുന്നു വിജയ്‌സിംഗ്. അഗസ്റ്റവെസ്റ്റ് ലാന്റുമായി 2010ല്‍ 3600 കോടിയുടെ ഹൈലിക്കോപ്റ്റര്‍ വാങ്ങല്‍ കരാര്‍ ഉറപ്പിക്കുന്നതില്‍ വിജയ് സിംഗ് നിര്‍ണ്ണായക പങ്കുവഹിച്ചെന്നാണ് മിസ്ട്രിയുടെ വെളിപ്പെടുത്തല്‍.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കഴിഞ്ഞ ഒക്‌റ്റോബര്‍ 24നാണ് സൈറസ് മിസ്ട്രിയെ പുറത്താക്കിയത്. തുടര്‍ന്ന് താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നിരുന്ന രത്തന്‍ ടാറ്റയാണ് പ്രധാനപ്പെട്ട കമ്പനികളുടെ ബോര്‍ഡില്‍ നിന്നും മിസ്ട്രിയെ നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ചത്. ഗ്രൂപ്പിനു കീഴിലുള്ള ആറ് ലിസ്റ്റഡ് കമ്പനികളുടെ എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് ടാറ്റ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഗ്രൂപ്പിലെ ഏറ്റവും പ്രാധാന്യമുള്ള കമ്പനിയായി പരിഗണിക്കപ്പെടുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഇജിഎം ഇന്നു നടക്കും.

Comments

comments

Categories: Slider, Top Stories