ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ നികുതി വകുപ്പ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ നികുതി വകുപ്പ്

 

മാഡ്രിഡ്: സ്‌പെയിനില്‍ നികുതി വെട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന റയല്‍ മാഡ്രിഡ് ക്ലബിന്റെ പോര്‍ചുഗീസ് സൂപ്പര്‍ ഫൂട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 22 സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന് സ്പാനിഷ് പത്രമായ എല്‍ മുന്‍ഡോ. ഇരുപത് ദശലക്ഷം യൂറോയില്‍ അധികമാണ് സ്വിസ് ബാങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിക്ഷേപിച്ചിരിക്കുന്നതെന്നും എല്‍ മുന്‍ഡോ റിപ്പോര്‍ട്ട് ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 225 ദശലക്ഷം യൂറോയിലധികം വരുമാനമുണ്ടെന്ന് അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനിയായ ഗെസ്റ്റിഫ്യൂട് കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 203.7 ദശലക്ഷം യൂറോ സ്‌പെയിനിന് പുറത്തും 23.5 ദശലക്ഷം യൂറോയുടെ വരുമാനം സ്‌പെയിനിലുമാണെന്നുമാണ് അറിയിച്ചിരുന്നത്.

സ്വിസ് പ്രൈവറ്റ് ബാങ്കായ മിറാബാദിലാണ് ക്രിസ്റ്റ്യാനോയുടെ സിംഹ ഭാഗം നിക്ഷേപവും എന്നാണറിയുന്നത്. ഇവിടെ പതിനേഴ് ദശലക്ഷം യൂറോയാണ് നിക്ഷേപിച്ചിരിക്കുന്നതെന്നാണ് കണക്ക്. ബാക്കിയുള്ള തുക മറ്റ് 19 അക്കൗണ്ടുകളിലായാണുള്ളത്. സ്വന്തം രാജ്യമായ പോര്‍ചുഗലില്‍ അഞ്ച് ബാങ്കുകളിലായി 33,452 യുറോ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിക്ഷേപിച്ചിരിക്കുന്നത്.

ലക്‌സംബര്‍ഗില്‍ പതിനാല് ദശലക്ഷം യൂറോയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും സൂപ്പര്‍ താരത്തിനുണ്ട്. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും മറ്റുമായി ഷെയറുകളും ബോണ്ടുകളും ഉള്‍പ്പെടെ വന്‍ നിക്ഷേപം ക്രിസ്റ്റ്യാനോയ്ക്കുണ്ടെന്നതാണ് കണക്ക്. 150 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരിടുന്നത്. അതേസമയം, 2011-14 കാലയളവിലെ താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.

Comments

comments

Categories: Sports