ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ വേരുറപ്പിക്കുന്ന ചൈന

ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ വേരുറപ്പിക്കുന്ന ചൈന

പുതിയ വ്യാപാര, നിക്ഷേപ ഉടമ്പടികളിലൂടെ ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ കാലുറപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ചൈന. ആഗോളവല്‍ക്കരണ വിരുദ്ധനായ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ് ചൈനയെ ഉത്തേജിപ്പിക്കുന്നത്. അടുത്തിടെ ആഗോള കണ്‍സള്‍ട്ടിംഗ് ഏജന്‍സി ക്രെഡിറ്റ് സ്യൂസ്സെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് വലിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈന ഇരട്ടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

പുതിയ നിക്ഷേപ, വ്യാപാര ഉടമ്പടികള്‍ക്കുള്ള ശ്രമങ്ങള്‍ക്ക് പുറമെയാണിത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന ഇപ്പോള്‍ തന്നെ പല ഏഷ്യന്‍ രാജ്യങ്ങളുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നതും ശ്രദ്ധേയമാണ്. പരസ്പര പൂരകമായ നേട്ടങ്ങളിലധിഷ്ഠിതമായാണ് ചൈന ഈ രാജ്യങ്ങളുമായി വ്യാപാരത്തിലേര്‍പ്പെടുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങള്‍.

സര്‍ക്കാരിനോടൊപ്പം തന്നെ ചൈനയിലെ സ്വകാര്യ കമ്പനികളും പരമാവധി നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഫിലിപ്പീന്‍സും മലേഷ്യയും ചൈനയോട് അടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് അടുത്തിടെയുണ്ടാകുന്ന നീക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ബെയ്ജിംഗിലേക്ക് ഒക്‌റ്റോബറില്‍ ആദ്യ സന്ദര്‍ശനം നടത്തിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗൊ ഡുടെര്‍ടെ പറഞ്ഞത് യുഎസുമായുള്ള ബന്ധത്തില്‍ തങ്ങള്‍ ആശ്രയത്വ സ്വഭാവം ഉപേക്ഷിക്കുകയാണെന്നാണ്. ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

നവംബറില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ചൈനയുമായി 30 ബില്ല്യണ്‍ ഡോളറിന്റെ കരാറുകളാണ് ഒപ്പുവെച്ചത്. ഇവയില്‍ മിക്കതും ഊര്‍ജ്ജ, റെയ്ല്‍ അടിസ്ഥാന സൗകര്യ മേഖലകളുമായി ബന്ധപ്പെട്ടായിരുന്നു. സാംസ്‌കാരികമായി ചൈനയും മലേഷ്യയും ഒരു പ്രത്യേക ബന്ധം പങ്കിടുന്നുവെന്നായിരുന്നു നജീബ് അന്ന് പറഞ്ഞത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധം കെട്ടിപ്പടുത്ത് ഇരു രാജ്യങ്ങള്‍ക്കും പുതിയ ഉയരങ്ങള്‍ കീഴ്‌പ്പെടുത്താമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി പറയുകയുണ്ടായി.

നിലവില്‍ ഫിലിപ്പീന്‍സില്‍ ഏറ്റവുമധികം നിക്ഷേപമുള്ള രാജ്യം യുഎസാണ്. എന്നാല്‍ എച്ച്എസ്ബിസിയുടെ കണക്കുകള്‍ പ്രകാരം അടുത്ത വര്‍ഷത്തോടെ യുഎസിനെ മറികടന്ന് ചൈന അവിടത്തെ ഏറ്റവും വലിയ നിക്ഷേപകരായി മാറുമെന്നാണ്. 24 ബില്ല്യണ്‍ ഡോളറിന്റെ പ്രത്യക്ഷ നിക്ഷേപത്തിന് പുറമെ 2.5 ബില്ല്യണ്‍ ഡോളറിന്റെ പരോക്ഷമായ നിക്ഷേപ ഒഴുക്കും ചൈനയില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫിലിപ്പീന്‍സുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ വ്യാപക ശ്രമങ്ങള്‍ ചൈന നടത്തുന്നുണ്ട് താനും. കാര്‍ഷിക ഇറക്കുമതി കൂട്ടുക, ചൈനയിലെ കമ്പനികളെ അവിടെ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുക, ഫിലിപ്പീന്‍സിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഫണ്ട് ചെയ്യുക, വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചൈന ചെയ്യുന്നുണ്ട്.

അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സിലെ ആറ് വലിയ സമ്പദ് വ്യവസ്ഥകളിലുള്ള ചൈനയുടെ നേരിട്ടുള്ള നിക്ഷേപം ഈ വര്‍ഷം 16 ബില്ല്യണ്‍ ഡോളറിലെത്തുമെന്നാണ് എച്ച്എസ്ബിസി കണക്കുകൂട്ടുന്നത്. തായ്‌ലന്‍ഡിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നതും ചൈനയാണ്;മലേഷ്യയുടെ 20 ശതമാനവും.

ഇന്തോനേഷ്യയിലും ചൈനീസ് നിക്ഷേപം റോക്കറ്റ് വേഗം കൈവരിക്കുകയാണ്. പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ് അഞ്ച് കൂടിക്കാഴ്ച്ചകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയത്. ഇതോടെ നിക്ഷേപത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ നിക്ഷേപകരാണ് ചൈന. സിംഗപ്പൂരും ജപ്പാനും കഴിഞ്ഞാല്‍ ഇന്തോനേഷ്യയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ചൈനയാണ്.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ചൈന ഇന്തോനേഷ്യയില്‍ നടത്തിയ നിക്ഷേപം 1.6 ബില്ല്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. 2015ലെ 600 മില്ല്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുതിപ്പ്. ചൈനയുടെ ഈ നടപടി കണ്ട് തായ്‌വാനീസ്, ജാപ്പനീസ് കമ്പനികളും മേഖലയില്‍ കാര്യമായ നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കയ്ക്ക് ഈ മേഖലകളിലൊന്നും താല്‍പ്പര്യമില്ലാതാകുന്നതോടെ അവിടെ അരങ്ങുവാഴാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചൈനയുടെ നീക്കങ്ങള്‍. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ചൈന കാര്യമായ നിക്ഷേപം നടത്താന്‍ ശ്രമിച്ചുവരികയാണെന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: FK Special