ക്യാഷ്‌ലെസ് വിവാഹങ്ങള്‍: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച അവസരം

ക്യാഷ്‌ലെസ് വിവാഹങ്ങള്‍:  സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച അവസരം

പി ഡി ശങ്കരനാരായണന്‍

ബാങ്കില്‍ കിടപ്പുള്ള തുക പിന്‍വലിക്കുന്നതിന് താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുകയാണല്ലോ. ഇത് ഏറ്റവും ബാധിക്കുന്നത് വിവാഹങ്ങളെയാണ്. കാരണം ഇന്ന് വിവാഹം എന്നത് ചിലവേറെയുള്ള ഒരു പരിപാടിയായി മാറിയിരിക്കുന്നുവെന്നതാണ്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹാവശ്യത്തിന് കറന്‍സിയായി ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്നത് 250000 രൂപ മാത്രമാണ്; അതും മറ്റ് നിരവധി നിബന്ധനകള്‍ക്ക് വിധേയമായി.

ഈ സാഹചര്യം ഏറ്റവും നന്നായി ഉപയോഗിക്കുന്നത് ഇ-വിവാഹ പോര്‍ട്ടലുകളാണ് (wedding planners). ഇത്തരം വെബ്‌സൈറ്റുകളിലൂടെ ഒരു വിവാഹം നടത്തുന്നതിനാവശ്യമുള്ള മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ പേമെന്റിലൂടെ ചെയ്യാനാവുന്നു. വിവാഹ ക്ഷണപത്രിക ഡിസൈന്‍ ചെയ്യുന്നത്, അവ അച്ചടിക്കുന്നത്, വസ്ത്രങ്ങള്‍ ഭാവനാപൂര്‍ണ്ണമായി സംവിധാനം ചെയ്യുന്നത്, വിവാഹസ്ഥലം ബുക്ക് ചെയ്യുന്നത്, അതിന്റെ വാടക നല്‍കുന്നത്, വേദിയും കമാനവുമൊക്കെ അലങ്കരിക്കുന്നത്, വധൂവരന്മാരെ ഒരുക്കുന്നത്, അതിഥികള്‍ക്കുള്ള താമസസൗകര്യം, ഭക്ഷണത്തിന്റെ ഏര്‍പ്പാടുകള്‍, ഫോട്ടോ, വീഡിയോ, ഗതാഗതം, വിവാഹകര്‍മ്മങ്ങള്‍, വിവാഹ സമ്മാനങ്ങള്‍, നൃത്തനൃത്യങ്ങള്‍, മധുവിധുയാത്ര അങ്ങനെ എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ വ്യാപകമായ തോതില്‍ പ്രവര്‍ത്തനം നടത്തിത്തുടങ്ങി. എല്ലാം പൊതുവേ വടക്കേ ഇന്ത്യന്‍ സംസ്‌കാരമനുസരിച്ചാണെന്ന് മാത്രം.

ഈ പ്രവൃത്തികളെല്ലാം ഇത്തരം വെബ്‌സൈറ്റ് ഉടമകള്‍ നേരിട്ടല്ല ചെയ്യുന്നത്.സേവനദാതാക്കളേയും ആവശ്യക്കാരേയും ഒരുമിപ്പിക്കുകയെന്നതാണ് അവര്‍ വെബ്‌സൈറ്റിലൂടെ ചെയ്യുന്നത്. ഇവിടെ നമ്മുടെ അഭിരുചിക്കനുസരിച്ചും ബജറ്റിനനുസരിച്ചും യോജിച്ച സേവനദാതാവിനെ നമുക്ക് തെരഞ്ഞെടുക്കാം. അതുപോലെ ഒരു സേവനത്തിന് ആ രംഗത്തെ നിരവധി ദാതാക്കള്‍ ചാര്‍ജ് ചെയ്യുന്ന ഫീസ് തുലനം ചെയ്ത് അനുയോജ്യമായത് തെരഞ്ഞെടുക്കാനും കഴിയുന്നു.

വെബ്‌സൈറ്റുമായി എല്ലാ അനുബന്ധസേവനദാതാക്കളേയും ബന്ധിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഗതാഗതത്തിന്മേലുള്ള ഏര്‍പ്പാടുകള്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ ചെയ്യുന്നു. എല്ലാ സാമ്പത്തിക ഇടപാടുകളും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലാണ് ചെയ്യേണ്ടത് – കര്‍മ്മികള്‍ക്കുള്ള ദക്ഷിണ പോലും!

ഇത്തരം ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കുമ്പോള്‍, എല്ലാത്തിനും നമ്മള്‍ വില്‍പ്പന നികുതി, സേവന നികുതി തുടങ്ങിയവ കൊടുക്കുമ്പോള്‍പ്പോലും മൊത്തം ചെലവ് 10-20 ശതമാനം കുറയുന്നു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കാരണം, ഈ വെബ്‌സൈറ്റുകള്‍ മുഖേന സ്ഥിരമായി ഓര്‍ഡറുകള്‍ ലഭിക്കുമെന്നുള്ളതുകൊണ്ട് സേവനദാതാക്കളെല്ലാം ഇതിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ചാര്‍ജ് കുറച്ച് നല്‍കുന്നു. കൂടാതെ, ചാറ്റ് സൗകര്യം മുഖേന വിലപേശാനും ചില വെബ്‌സൈറ്റുകള്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

അതുപോലെ സ്റ്റാന്‍ഡേര്‍ഡ് പാക്കേജിന് – വിവാഹം നടക്കുന്ന നഗരത്തിനനുസരിച്ച് തുക വ്യത്യാസം വരാം – മൊത്തം കോണ്‍ട്രാക്റ്റിനും സംവിധാനമുണ്ട്. കേരളീയ ശൈലിയിലുള്ള വിവാഹങ്ങള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യം പൂര്‍ണ്ണമായും ലഭ്യമല്ല. വിവിധ ജാതി/ദേശം/ആചാരം തുടങ്ങിയവ വ്യത്യസ്ത രീതികള്‍ പിന്തുടരുന്നതാണ് ഒരു കാരണം. ഇതിലുള്ള വിവിധ ഓപ്ഷനുകളും അവയുടെ ബാക്‌വേര്‍ഡ് ഇന്റഗ്രേഷനും ചേര്‍ത്താല്‍, ഔത്സുക്യമുള്ള ഐടി സംരംഭകര്‍ക്ക് തീര്‍ച്ചയായും വിജയിക്കാവുന്ന ഒരു മേഖലയാണിത്.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ അസ്സിസ്റ്റന്റ് ജനറല്‍ മാനേജരാണ് ലേഖകന്‍)

Comments

comments

Categories: FK Special