സിബിഎച്ച്എഫ്എല്ലിലെ ഓഹരികള്‍ ബിഒബി വാങ്ങുന്നു

സിബിഎച്ച്എഫ്എല്ലിലെ  ഓഹരികള്‍ ബിഒബി വാങ്ങുന്നു

 

മുംബൈ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൗസിംഗ് ഫിനാന്‍സ് ശാഖയായ സെന്റ് ബാങ്ക് ഹോം ഫിനാന്‍സിന്റെ (സിബിഎച്ച്എഫ്എല്‍) ഭൂരിഭാഗം ഓഹരികളും വാങ്ങാന്‍ ബാങ്ക് ഓഫ് ബറോഡ (ബിഒബി) തയാറെടുക്കുന്നു. ഭവന വായ്പ വിഭാഗത്തില്‍ ബാങ്കിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.
സെന്‍ട്രല്‍ ബാങ്കിന് സിബിഎച്ച്എഫില്‍ 64 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഹഡ്‌കോ, യുഐറ്റി, നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നിവയാണ് സിബിഎച്ച്എഫിലെ മറ്റു ഓഹരി ഉടമകള്‍. ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നു. ബിഒബിക്ക് ഓഹരി വില്‍ക്കാന്‍ സെന്‍ട്രല്‍ ബാങ്ക് സമ്മതിച്ചെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഷെയറുകള്‍ വാങ്ങുന്നതിനായി സിബിഎച്ച്എഫിന്റെ മറ്റു ഓഹരി ഉടമകളെ ബിഒബി സമീപിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
1991 ജൂണിലാണ് സിബിഎച്ച്എഫ്എല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അപ്‌ന ഘര്‍ വിത നിഗം എന്നായിരുന്നു സിബിഎച്ച്എഫ്എല്‍ ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് അതിനെ സെന്റ് ബാങ്ക് ഹോം ഫിനാന്‍സ് എന്ന് പുനര്‍നാമകരണം ചെയ്തു. സിബിഎച്ച്എഫ്എല്ലിലെ 64 ശതമാനം ഓഹരികള്‍ വിറ്റാല്‍ സെന്‍ട്രല്‍ ബാങ്കിന് 250 കോടി രൂപയോളം ലഭിക്കുമെന്ന് നിക്ഷേപക ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.
ബാലന്‍സ്ഷീറ്റിലെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്ക് ഓഹരി വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മൂലധന സമാഹരണത്തിന്റെ ആദ്യപടിയായി സര്‍ക്കാര്‍ 1,729 കോടി രൂപ സെന്‍ട്രല്‍ ബാങ്കിന് നല്‍കുകയുണ്ടായി.
സെപ്റ്റംബര്‍ രണ്ടാം പാദത്തില്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി ഇരട്ടിച്ച് 13.70 ശതമാനത്തിലെത്തിയിരുന്നു. അതോടൊപ്പം അറ്റ നിഷ്‌ക്രിയ ആസ്തി 8.17 ശതമാനമായും ഉയര്‍ന്നു. മുന്‍ വര്‍ഷം 11.95 ശതമാനമായിരുന്നു ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി. അറ്റ നിഷ്‌ക്രിയ ആസ്തി 7.36 ശതമാനവും.
2014 ല്‍ സെന്‍ട്രല്‍ ബാങ്ക് 8.34 ശതമാനം ഓഹരികള്‍ അടിസ്ഥാന സൗകര്യ ധനകാര്യ സ്ഥാപനമായ ഐഎല്‍ആന്‍ഡ്എഫ്എസിന് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചിരുന്നില്ല.

Comments

comments

Categories: Branding