ബൈനറി സ്‌റ്റേറ്റ്‌സ് ഇന്ത്യ യുഎഇ പ്രദര്‍ശനം

ബൈനറി സ്‌റ്റേറ്റ്‌സ് ഇന്ത്യ യുഎഇ പ്രദര്‍ശനം

 

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടേയും യുഎഇയുടേയും സംസ്‌കാരങ്ങളുടെ സങ്കലനം അനാവരണം ചെയ്യുന്ന ‘ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യയുഎഇ’ എന്ന പ്രദര്‍ശനത്തിന് ഇന്ന് (ഡിസ. 12) വൈകീട്ട് 6 മണിക്ക് തിരശ്ശീലയുയരും. യുഎഇ കള്‍ച്ചറല്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നിര്‍മിതിയായ പ്രദര്‍ശനം യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. ഫോര്‍ട് കൊച്ചി ഗ്രീനിക്‌സ് വില്ലേജില്‍ നടക്കുന്ന പ്രദര്‍ശനം 2017 മാര്‍ച്ച് 2 വരെ തുടരും.

ഇന്ത്യയ്ക്കും യുഎഇക്കുമിടയിലെ പ്രവാസത്തിന്റെ ബാക്കിപത്രം കാഴ്ചവെയ്ക്കുന്ന ഓഡിയോ ഇന്‍സ്റ്റലേഷന്‍, പോഡ്കാസ്റ്റുകള്‍, എഴുതിയ വിവരണങ്ങള്‍, ഫോട്ടോകള്‍, വിഡിയോ ചിത്രങ്ങള്‍ തുടങ്ങിയവ ആര്‍ട്ടിസ്റ്റുമാരായ റാഷാ അല്‍ ദുവൈസന്‍, അമ്മര്‍ അല്‍ അത്തര്‍, വിക്രം ദിവേച്ഛ എന്നിവര്‍ സാംസ്‌കാരികമായി വ്യാഖ്യാനിക്കും. ഉമര്‍ ബട്ട്, റാഷിദ് ബിന്‍ ഷാഹിബ് എന്നിവരാണ് കോക്യൂറേറ്റര്‍മാര്‍.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്ത്യയ്ക്കും യുഎഇക്കുമിടയിലെ പ്രവാസത്തിന്റെ ചരിത്രം ശബ്ദരേഖയിലൂടെ അവതരിപ്പിക്കുന്ന ‘ഹോയ്സ്റ്റിംഗ് ഹിസ്റ്ററീസ്’ എന്ന ശബ്ദ ചരിത്ര ഇന്‍സ്റ്റലേഷനാണ് പ്രദര്‍ശനത്തിലെ ഒരു ആകര്‍ഷണം. ഇരു രാജ്യങ്ങളിലും അക്കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രവാസികളുടെ ഉദ്വേഗത്തിന്റെയും വിശ്വാസത്തിന്റെയും പിടിച്ചുനില്‍പ്പിന്റെയും ഓര്‍മകള്‍ അനാവരണം ചെയ്യുന്നതാണ് ഈ ഇന്‍സ്റ്റലേഷന്‍.

യുഎഇയിലുള്ള മലയാളി ഫോട്ടോഗ്രാഫര്‍ പ്രേം രത്‌നത്തിന്റെ ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനമായ ‘റിവേഴ്‌സ് മൊമെന്റ്‌സ്’ ആണ് പ്രദര്‍ശനത്തിലെ മറ്റൊരിനം. ഇതിന് പുറമേ ഒരു വീടിന്റെ രൂപകല്‍പനയില്‍ യുഎഇയിലുള്ള ഒരാളും കേരളത്തിലെ ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനവും തമ്മിലുള്ള ഇടപാടുകള്‍ ചിത്രീകരിക്കുന്ന ‘വീട്’ എന്ന വീഡിയോ ചിത്രവും പ്രദര്‍ശനത്തില്‍ ഇടം പിടിക്കും. ബെയ്‌റൂട്ടില്‍ ജനിച്ച് യുഎഇയില്‍ താമസമാക്കിയ വിക്രം ദിവേച്ഛയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

പ്രദര്‍ശനത്തിന് പുറമേ ചൊവ്വാഴ്ച ഇന്ത്യയ്ക്കും യുഎഇക്കുമിടയിലെ സാംസ്‌കാരിക വിനിമയം എന്ന വിഷയത്തില്‍ സംവാദം നടക്കും. റാഷിദ് ബിന്‍ ഷാഹിബ് മോഡറേറ്ററാകുന്ന സംവാദത്തില്‍ റാഷാ അല്‍ ദുവൈസന്‍, അമ്മര്‍ അല്‍ അത്തര്‍, വിക്രം ദിവേച്ഛ എന്നിവര്‍ പങ്കെടുക്കും. മൂന്നാം ദിനമായ ബുധനാഴ്ച നടക്കുന്ന സ്വകാര്യ ചടങ്ങില്‍ ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്നയെ കൂടാതെ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപബല്‍ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യായുഎഇ ബന്ധത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

Comments

comments

Categories: Branding