അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി: രത്തന്‍ ടാറ്റയെ ചോദ്യം ചെയ്യണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി: രത്തന്‍ ടാറ്റയെ ചോദ്യം ചെയ്യണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതി ഇടപാടില്‍ പ്രതിരോധ വകുപ്പിലെ മുന്‍ സെക്രട്ടറി വിജയ് സിംഗ്, ടാറ്റ സണ്‍സ് താത്കാലിക ചെയര്‍മാന്‍ രത്തന്‍ ടാറ്റ തുടങ്ങിയവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി സിബിഐക്ക് കത്തെഴുതി.
ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ വിജയ് സിംഗിനെ രത്തന്‍ ടാറ്റ നിയമിച്ചതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നു കത്തില്‍ സ്വാമി സൂചിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ സിംഗിനെ ഉള്‍പ്പെടുത്തിയ ടാറ്റയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും സ്വാമി സൂചിപ്പിച്ചു.
അഗസ്റ്റ അഴിമതിയുമായി ബന്ധപ്പെട്ട വിചാരണ നടപടിക്കായി രത്തന്‍ ടാറ്റ ഇറ്റലിക്കു പോവുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള മതിയായ തെളിവാണെന്നു സ്വാമി ചൂണ്ടിക്കാണിച്ചു. ഇറ്റലിയില്‍നിന്നും സമന്‍സ് അയ്ക്കുമ്പോള്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ടാറ്റയ്ക്ക് ഇന്ത്യയില്‍ സമന്‍സ് അയക്കുകയാണെങ്കില്‍ അതിനെ അനുസരിച്ച് പ്രവര്‍ത്തിക്കാനും ബാദ്ധ്യതയുള്ള കാര്യം സ്വാമി ഓര്‍മിപ്പിച്ചു.
ടാറ്റ സണ്‍സില്‍നിന്നും പുറത്താക്കപ്പെട്ട സൈറിസ് മിസ്ത്രി ആരോപിച്ചവയെല്ലാം സത്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ രത്തന്‍ ടാറ്റയെയും പ്രതിരോധ വകുപ്പ് മുന്‍ സെക്രട്ടറി വിജയ് സിംഗിനെയും ചോദ്യം ചെയ്യാന്‍ സിബിഐ തയാറാകണമെന്നു സ്വാമി പറഞ്ഞു.

Comments

comments

Categories: Politics