തമിഴ്‌നാട്ടില്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റൊരുക്കി അദാനി ഗ്രൂപ്പ്

തമിഴ്‌നാട്ടില്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റൊരുക്കി അദാനി ഗ്രൂപ്പ്

 

ന്യൂഡെല്‍ഹി : രാജ്യത്ത് പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയ അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് തമിഴ്‌നാട്ടില്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ കമുതിയില്‍ പത്ത് ചതുരശ്ര കിലോമീറ്ററിലാണ് സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മിച്ചിട്ടുള്ളത്. മധുരയില്‍നിന്ന് 90 കിലോമീറ്റര്‍ ദൂരെയാണ് കമുതി സ്ഥിതി ചെയ്യുന്നത്. പാന്റില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന 648 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ച് ഒന്നര ലക്ഷത്തോളം വീടുകളില്‍ വെളിച്ചമെത്തിക്കാന്‍ കഴിയും.

കേവലം എട്ട് മാസം കൊണ്ട് ഏകദേശം 679 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ചു എന്നതാണ് ഈ സൗരോര്‍ജ്ജ പ്ലാന്റിനെ ശ്രദ്ധേയമാക്കുന്നത്. വലുപ്പത്തിന്റെ കാര്യത്തില്‍ കാലിഫോര്‍ണിയയിലെ ടോപാസ് സോളാര്‍ ഫാമിനെയാണ് അദാനി ഗ്രൂപ്പ് കടത്തിവെട്ടിയത്. 550 മെഗാവാട്ട് ശേഷിയുള്ള ടോപാസ് പ്ലാന്റ് നിര്‍മിക്കുന്നതിന് രണ്ട് വര്‍ഷത്തിലധികമെടുത്തു.

നിലവില്‍ രാജ്യം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രധാനമായും കല്‍ക്കരിയെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ അദാനി ഗ്രൂപ്പിന്റെ സൗരോര്‍ജ്ജ പ്ലാന്റ് പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലേക്കുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യം പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലേക്ക് തിരിയണമെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനങ്ങളെടുത്തിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം പാരിസ് കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി 120ലധികം രാജ്യങ്ങളുമായി സോളാര്‍ സഖ്യം സ്ഥാപിക്കുകയുണ്ടായി.

Comments

comments

Categories: Branding

Related Articles