നായക സ്ഥാനത്തുനിന്നും ഡിവില്ലിയേഴ്‌സ് പിന്മാറി

നായക സ്ഥാനത്തുനിന്നും ഡിവില്ലിയേഴ്‌സ് പിന്മാറി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് ടെസ്റ്റിലെ നായക പദവിയില്‍ നിന്നും പിന്മാറി. ഡിവില്ലിയേഴ്‌സിന്റെ ആവശ്യ പ്രകാരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഫാഫ് ഡുപ്ലെസിസിനെ താത്കാലിക ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ഡുപ്ലെസിസിനെ സ്ഥിരം നായകനാക്കാനും ഡിവില്ലിയേഴ്‌സ് ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, എ ബി ഡിവില്ലിയേഴ്‌സ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ പദവി ഒഴിയാനുള്ള സന്നദ്ധത ഡിവില്ലിയേഴ്‌സ് അറിയിച്ചത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ അദ്ദേഹത്തിന് കളിക്കാനും സാധിച്ചിരുന്നില്ല.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഫാഫ് ഡുപ്ലെസിസിനെ ടീമിന്റെ പൊതു താത്പര്യപ്രകാരമാണ് പുതിയ താത്കാലിക ക്യാപ്റ്റനായി നിയമിച്ചതെന്ന് എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. നായക സ്ഥാനം ബഹുമതിയായിരുന്നുവെങ്കിലും താന്‍ ഇപ്പോള്‍ പദവിയില്‍ നിന്നും മാറുന്നതാണ് ഉചിതമെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രാദേശിക ട്വന്റി-20 ലീഗില്‍ ടൈറ്റന്‍സിന്റെ താരമായ ഡിവില്ലിയേഴ്‌സിന് മെഡിക്കല്‍ കമ്മിറ്റി ഇതുവരെ ക്ലിയറന്‍സ് നല്‍കിയിട്ടില്ല. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തിനായി ഇറങ്ങരുതെന്നും താരത്തിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഫെബ്രുവരി മാസത്തോടുകൂടി ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരം നായകനെ നിയമിച്ചേക്കും.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയ്ക്കിടെ ഹാഷിം അംല നായക സ്ഥാനം കൈമാറിയതിന് പിന്നാലെ എ ബി ഡിവില്ലിയേഴ്‌സിന് കീഴില്‍ ദക്ഷിണാഫ്രിക്ക ഓരോന്ന് വീതം മത്സരങ്ങളില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഡിവില്ലിയേഴ്‌സ് ശാസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Comments

comments

Categories: Sports