വോള്‍വോയ്ക്ക് ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച

വോള്‍വോയ്ക്ക് ഇന്ത്യയില്‍ 20 ശതമാനം വളര്‍ച്ച

 

ചെന്നൈ : ഇന്ത്യയില്‍ 2016 കലണ്ടര്‍ വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ച നേടുമെന്ന് സ്വീഡന്‍ ആസ്ഥാനമായ വോള്‍വോ ഗ്രൂപ്പ്. രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് (നിര്‍മ്മാണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഹെവി യന്ത്ര വാഹനങ്ങള്‍) മേഖലയില്‍ നേടുന്ന 40 ശതമാനം വളര്‍ച്ചയാണ് കമ്പനിയെ ഇതിന് സഹായിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്, ട്രക്ക്, ബസ്സ്, എന്‍ജിന്‍ എന്നീ നാല് മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് വോള്‍വോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ കമല്‍ ബാലി പറഞ്ഞു. മറ്റ് മൂന്ന് മേഖലകളും ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഖനന മേഖലയില്‍ വോള്‍വോ ട്രക്കുകള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്. ഇവിടെ 60 ശതമാനമാണ് വോള്‍വോയുടെ വിപണിവിഹിതം. വോള്‍വോ രാജ്യത്ത് ആറായിരത്തോളം ബസുകളും ഈ വര്‍ഷം വില്‍പ്പന നടത്തി. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് ബസുകള്‍ കയറ്റുമതി ചെയ്യാനും കമ്പനി പദ്ധതി തയാറാക്കുന്നു.

കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് മേഖലയിലെ വളര്‍ച്ച ഇതുപോലെ തുടരില്ലെന്നും എന്നാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ 10 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച നേടാന്‍ കഴിയുമെന്നും ബാലി വിലയിരുത്തുന്നു. മറ്റ് മേഖലകള്‍ വര്‍ഷംതോറും 7 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടുന്നത് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ തരത്തിലുള്ള എഞ്ചിനുകള്‍ നിര്‍മിക്കുന്നതിന് ഇന്‍ഡോറില്‍ വോള്‍വോ പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്.

Comments

comments

Categories: Auto