ബെംഗളൂരു ടെക്‌നോളി സെന്റര്‍ ഇന്നൊവേഷന്‍ ഹബ്ബാക്കി മാറ്റാന്‍ യുബര്‍

ബെംഗളൂരു ടെക്‌നോളി സെന്റര്‍ ഇന്നൊവേഷന്‍ ഹബ്ബാക്കി മാറ്റാന്‍ യുബര്‍

 

ബെംഗളൂരു: പ്രമുഖ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ബെംഗളൂരുവിലെ ടെക്‌നോളജി സെന്റര്‍ ഉല്‍പ്പന്ന ഇന്നൊവേഷന്റെ ഹബ്ബാക്കി മാറ്റാന്‍ പദ്ധതിയിടുന്നു. മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച ടെക്‌നോളജി സെന്ററില്‍ 50 എന്‍ജിനീയര്‍മാരാണുള്ളത്. പേമെന്റ്, വെഹിക്കിള്‍ ഇന്റെലിജന്‍സ്, മാപ്പിംഗ് തുടങ്ങിയ രംഗങ്ങളില്‍ സഹായകമാകുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ സെന്ററില്‍ വികസിപ്പിക്കാനാണ് ഉദ്ദേശ്യം.

യുബറിന്റെ ഏഷ്യയിലെ ആദ്യത്തെ എന്‍ജിനീയറിംഗ് ഔട്ട്‌പോസ്റ്റായ ബെംഗളൂരു സെന്ററിനു പുറമെ അടുത്തിടെ സാന്‍ ഫ്രാന്‍സിസ്‌കോ, ആംസ്റ്റര്‍ഡാം, ബള്‍ഗേറിയയിലെ സോഫിയ, ഡെന്‍മാര്‍ക്കിലെ ആര്‍ഹസ്, ലിഥ്വാനിയയിലെ വില്‍നിയസ് എന്നിവടങ്ങളിലും കമ്പനി എന്‍ജിനീയറിംഗ് ഔട്ട്‌പോസ്റ്റുകള്‍ ആരംഭിച്ചിരുന്നു. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പേമെന്റില്‍ നിന്ന് വ്യതസ്തമായി യുബര്‍ അവതരിപ്പിച്ച കാഷ് പേമെന്റ്‌സ് ആദ്യമായി നടപ്പിലാക്കിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്കുശേഷം കോളംബോ, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇത് അവതരിപ്പിച്ചു.

ഇന്ത്യയില്‍ കാഷ് പേമെന്റ് രീതിയില്‍ ചെറിയ മാറ്റം വരുത്തികൊണ്ട്, ഡ്രൈവര്‍ക്ക് കാഷ് പേമെന്റ് നല്‍കിയശേഷം ബാലന്‍സ് യുബര്‍ ഉപഭോക്താക്കളുടെ എക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നപുതിയ ആശയമാണ് ഇവര്‍ നടപ്പാക്കുന്നത്.

ഇതുവഴി സുഗമമായ ഇടപാടിനൊപ്പം ഉപഭോക്താവിനെ യുബര്‍ സേവനങ്ങളിലേക്ക് വീണ്ടും എത്തിക്കുന്നതിനും സഹായകമാകും. എന്‍ജിന്റെ നിലവാരം, ഇന്ധനക്ഷമത, ഫോണ്‍ സ്വിച്ച് ഓഫ് ആകുന്ന അവസരത്തിലും കാബിന്റെ ലോക്കേഷന്‍ കണ്ടെത്തുക തുടങ്ങിയ വാഹനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്ന രീതികള്‍ വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ സംഘം ശ്രമിക്കും. സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതിയിലെ കമ്പനിയിലെ പ്രധാന ഘടകമായ ത്രീ ഡൈമെന്‍ഷണല്‍ മാപ്പാണ് ബെംഗളൂരു സംഘം ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റൊരു വിഷയം.

Comments

comments

Categories: Branding