ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവും മാന്ദ്യഭീതിയും

ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവും മാന്ദ്യഭീതിയും

ആഗോള ധനകാര്യ സേവന ഭീമനായ ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ തലവനെയാണ് വാള്‍സ്ട്രീറ്റിന്റെ നിയന്ത്രണം ഏല്‍പ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നത്. നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്റ്ററായി ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗാരി കോഹ്നെനെയാണ് ട്രംപ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ പുരോഗമന വിരുദ്ധരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്രംപിന്റെ കാബിനറ്റ്. സ്വവര്‍ഗ്ഗരതിക്കാരെ കണ്ടു കൂടാത്തവരും സ്ത്രീ വിരുദ്ധരും ജൂതവിരുദ്ധരും മുസ്ലിം വിരോധികളുമെല്ലാം അവിടെ ഇടം പിടിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആര്‍ക്കിട്ടെക്‌റ്റെന്ന് പലരും വിശേഷിപ്പിക്കുന്ന കോഹ്ന്‍ സുപ്രധാന പദവിയിലേക്കുവരുന്നത്.

ആഭ്യന്തര, അന്താരാഷ്ട്ര സാമ്പത്തിക വിഷയങ്ങളില്‍ ഏകോപനം നടത്തുന്നതും തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതും ഗാരിയാകും. ഈ പദവിക്ക് സെനറ്റിന്റെ അംഗീകാരം ആവശ്യമില്ലാത്തതിനാല്‍ ഗാരി അവസാന സമ്മതം മൂളിയാല്‍ വേറെ സങ്കീര്‍ണതകള്‍ ഒന്നുമില്ല. ഗോള്‍ഡ്മാന്‍ സാച്ച്‌സിനോട് ബന്ധമുള്ള മൂന്നാമത് ആളാകും ഇതോടെ ട്രംപിന്റെ ഭരണത്തില്‍ സുപ്രധാന പങ്കുവഹിക്കാനെത്തുന്നത്. നേരത്തെ നിയമിക്കപ്പെട്ട ട്രഷറി സെക്രട്ടറി സ്റ്റീവെന്‍ നുച്ചിനും വൈറ്റ് ഹൗസ് അഡൈ്വസര്‍ സ്റ്റീവ് ബന്നൊനും ഗോള്‍ഡ്മാന്‍ സാച്ച്‌സില്‍ ജോലി ചെയ്തിട്ടുള്ളവരാണ്.

തന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ഗോള്‍ഡ്മാനെയും മറ്റ് പല ബാങ്കുകളെയും ട്രംപ് വ്യാപകമായി വിമര്‍ശിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ ഇത്തരത്തിലുള്ള നിയമനങ്ങള്‍ നടത്തുന്നത് ജനങ്ങളെ പറ്റിക്കലാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. അതിസമ്പന്നരായ ബിസിനസുകാരെ തന്റെ ഭരണത്തിന്റെ ഭാഗമാക്കാന്‍ ട്രംപ് ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനിയും (നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍) പ്രമുഖ രാഷ്ട്രീയ നേതാവുമായ ബെര്‍നി സാന്‍ഡേഴ്‌സ് ഗാരി കോഹന്റെ നിയമനത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ 1993ലാണ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന് അമേരിക്ക രൂപം നല്‍കിയത്. വൈറ്റ് ഹൗസിന്റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്ന ഏറ്റവും ശക്തമായ സ്ഥാപനമായി ഇന്ന് അത് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള നിയമനങ്ങള്‍ ചര്‍ച്ചയാകുന്നതും. സമ്പന്നരായി ബിസിനസുകാരുടെ താല്‍പ്പര്യങ്ങളായിരിക്കും ട്രംപ് ഭരണത്തില്‍ സംരക്ഷിക്കപ്പെടുകയെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂട്ടുന്നതാണ് ഗോള്‍ഡ്മാനില്‍ നിന്നുള്ള പുതിയ റിക്രൂട്ട്‌മെന്റ്.

Comments

comments

Categories: Editorial