യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റഷ്യ ഇടപെട്ടെന്ന സിഐഎ വാദത്തെ തള്ളി ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: റഷ്യ ഇടപെട്ടെന്ന സിഐഎ വാദത്തെ തള്ളി ട്രംപ്

 

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണത്തെ ചൊല്ലി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയും തമ്മില്‍ തര്‍ക്കം മൂക്കുന്നു.തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപിനെ റഷ്യ സഹായിച്ചെന്ന സിഐഎ റിപ്പോര്‍ട്ടിനെ പരിഹസിച്ച് ശനിയാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു. ഇതാണ് ഇരുവിഭാഗവും തമ്മില്‍ ഭിന്നത ഉടലെടുക്കാന്‍ കാരണമായത്.
വെള്ളിയാഴ്ച യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ റഷ്യയുടെ യുഎസ് തെരഞ്ഞെടുപ്പിലെ പങ്കിനെ കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായിരുന്നെന്നും എന്നാല്‍ ഇതിലൂടെ ഉപദ്രവം ചെയ്യുകയായിരുന്നില്ല. മറിച്ച് ട്രംപിന്റെ ജയ സാധ്യതയ്ക്കു ഗുണകരമായി പ്രവര്‍ത്തിക്കുകയായിരുന്നു- വാഷിംഗ്ടണ്‍ പോസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം പുറത്തുവന്നത്.
12 വര്‍ഷം മുന്‍പ് ഇറാഖിന്റെ കൈവശം കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുണ്ടെന്ന തെറ്റായ വിവരം നല്‍കിയവരാണു സിഐഎയെന്ന് പറഞ്ഞാണ് ട്രംപ് സിഐഎയെ ആക്ഷേപിച്ചത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ട്രംപിന് അഭിപ്രായ ഭിന്നത ഉടലെടുത്തത്, ഭാവിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എപ്രകാരമായിരിക്കും ബാധിക്കുകയെന്ന ചോദ്യം ഉയരുന്നുണ്ട്. യുഎസില്‍ 16 രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ വിഭാഗം മുതല്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗം വരെ ഇതില്‍പ്പെടും. ഇവരെയൊന്നും വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുവാനുള്ള ട്രംപിന്റെ നീക്കത്തില്‍ ആശങ്കാകുലരാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിലവിലെ പ്രസിഡന്റായ ഒബാമ ഉത്തരവിട്ടിരുന്നു. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ ജൂനിയറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തമാസം 20ന് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു മുന്‍പു പുറത്തുവരും. ഈ റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നതോടെ ട്രംപും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത കൂടുമെന്ന ആശങ്കയും ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: World