ഓഹരി: കൂടുതല്‍ പേര്‍ക്കും പ്രിയം എസ്‌ഐപി നിക്ഷേപത്തോട്

ഓഹരി:  കൂടുതല്‍ പേര്‍ക്കും പ്രിയം എസ്‌ഐപി നിക്ഷേപത്തോട്

 

നിക്ഷേപകരില്‍ ഭൂരിഭാഗത്തിനും താല്‍പര്യം എസ്‌ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍-വ്യവസ്ഥിത നിക്ഷേപ പദ്ധതി) രീതിയോടാണെന്ന് സര്‍വെയിലെ കണ്ടെത്തല്‍. നിക്ഷേപ മേഖലയില്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ജിയോജിത് ബിഎന്‍പി പാരിബ അവരുടെ 1.4 ലക്ഷത്തോളം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. നിക്ഷേപകരില്‍ 76 ശതമാനം പേരും മൊത്തം തുകയ്ക്കുള്ള എസ്‌ഐപി യാണ് തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ മിച്ച വരുമാനത്തിന്റെ പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ തുക എസ്‌ഐപി വഴി നിക്ഷേപം നടത്തുന്നതായും സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും പറയുന്നു. എസ്‌ഐപി വഴി നിക്ഷേപം നടത്തുന്നവരില്‍ 62 ശതമാനവും ഇടത്തരം ചെറുകിട നിക്ഷേപ ഫണ്ടുകളാണ് താല്‍പര്യപ്പെടുന്നത്. മള്‍ട്ടി ക്യാപ് (സംയോജിത) നിക്ഷേപ ഫണ്ടുകളും വലിയ തുകയ്ക്കുള്ള ഫണ്ടുകളും തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇതിന് പിന്നാലെയാണ്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ വാര്‍ഷിക ലാഭം പ്രതീക്ഷിക്കുന്നവരാണ്. പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ വാര്‍ഷിക ലാഭം പ്രതീക്ഷിക്കുന്നവരുടെ എണ്ണം ഇതിന് തൊട്ടു പിന്നാലെയാണ്.

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒന്നിച്ച് പണം നിക്ഷേപിച്ചവരും എസ്‌ഐപി വഴി നിക്ഷേപിച്ചവരും ഭൂരിഭാഗം പേരും ഓഹരി മൂല്യം ഇടിയുമ്പോള്‍ നിക്ഷേപം നിലനിര്‍ത്താനാണ് താല്‍പ്പര്യപ്പെടുന്നത്. കൂടുതല്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഓഹരി മൂല്യം വര്‍ധിക്കുമ്പോഴും നിക്ഷേപം നിലനിര്‍ത്തുന്നവരാണ് ഭൂരിഭാഗവും. ഈ അവസരത്തില്‍ നിക്ഷേപം തിരിച്ചെടുക്കുന്നവരുടെ എണ്ണം ഇതിനേക്കാള്‍ കുറവാണ്. നിക്ഷേപ രീതികളുടെ കാര്യം വരുമ്പോള്‍ സര്‍വ്വേയില്‍ പ്രതികരിച്ച ഭൂരിഭാഗം പേരും ഒന്നിലധികം നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനാണ് പ്രധാന പരിഗണന (89%) ഓഹരി (74%) സ്ഥിര നിക്ഷേപം (44%) ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍, ബോണ്ടുകള്‍ എന്നിവയാണ് ഇതിന് പിന്നാലെ വരുന്ന മറ്റു പ്രധാന നിക്ഷേപങ്ങള്‍. നിക്ഷേപങ്ങളുടെ വൈവിധ്യവത്ക്കരണത്തിന് വേണ്ടിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും പറയുന്നു. മികച്ച നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യം വെച്ചുള്ളവരുടെ എണ്ണം ഇതിന് പിന്നാലെയാണ്.

52 ശതമാനം പേരും ദീര്‍ഘകാല നിക്ഷേപമാണ് താല്‍പര്യപ്പെടുന്നത്. ഇടത്തരം കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇതിനേക്കാള്‍ കുറവാണ്. ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലത്തേക്ക് നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ കേവലം മൂന്ന് ശതമാനം മാത്രമാണ്. നിക്ഷേപങ്ങളില്‍ ന്യായമായ രീതിയില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവരാണ് നിക്ഷേപകരില്‍ ബഹുഭൂരിഭാഗവും. വലിയ തോതിലുള്ള റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം വളരെ കുറവാണ്.

പ്രതിമാസ വരുമാനവും നികുതി ലാഭവും അനായാസേന പണം ലഭിക്കുന്നതും ലാക്കാക്കിയുള്ള മൂലധന അഭിവൃദ്ധിയാണ് സര്‍വ്വേയില്‍ പ്രതികരിച്ചവരില്‍ 77 ശതമാനത്തിന്റെയും പ്രധാന ലക്ഷ്യം. സര്‍വ്വേയോട് പ്രതികരിച്ചവരില്‍ ബഹുഭൂരിഭാഗവും (65%) ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി നിക്ഷേപം നടത്തുന്നവരാണ്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴുള്ള സാമ്പത്തിക നേട്ട ലക്ഷ്യമാണ് ഇതില്‍ മുന്‍പന്തിയിലുള്ളത് (55%). കുട്ടികളുടെ വിദ്യാഭ്യാസം, വീടോ അല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റോ വാങ്ങല്‍, വിവാഹം, അവധി യാത്രകള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങള്‍ക്കാണ് തൊട്ടു പിന്നാലെയുള്ള പരിഗണന.

Comments

comments

Categories: Slider, Top Stories

Related Articles