ശശികല പാര്‍ട്ടിയെ നയിക്കും: പനീര്‍സെല്‍വം

ശശികല പാര്‍ട്ടിയെ നയിക്കും: പനീര്‍സെല്‍വം

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത അനുയായി ശശികലയായിരിക്കും എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഞായറാഴ്ച പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്കു ശശികലയല്ലാതെ രണ്ടാമതൊരു വ്യക്തിയെ പരിഗണിക്കുന്ന കാര്യം ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികലയല്ലാതെ മറ്റൊരു വ്യക്തിയുടെ പേര് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നവര്‍ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകരല്ല. ജയലളിത സങ്കടങ്ങളും പരിഭവങ്ങളും പങ്കുവച്ചിരുന്നത് ശശികലയോടായിരുന്നു. വിശ്വസ്ത സഹായിയോടൊത്തു കഴിയുന്നതു പോലെയായിരുന്നു ശശികലയുമായുള്ള ജയലളിതയുടെ ജീവിതം. സ്വന്തം സഹോദരിയെപ്പോലെയായിരുന്ന ജയലളിതയ്ക്കു ശശികല. മൂന്ന് പതിറ്റാണ്ട് കാലം ഒത്തൊരുമിച്ചു കഴിഞ്ഞതിലൂടെ ജയലളിതയുടെ ചിന്തകളും പ്രവര്‍ത്തന ശൈലിയും ഹൃദിസ്ഥമാക്കിയിട്ടുണ്ടു ശശികലയെന്നും പനീര്‍സെല്‍വം പറഞ്ഞു.
അമ്മയെ(ജയലളിത) പോലെ ചിന്നമ്മയ്ക്കും(ശശികല) ഓരോ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയാം. സൈനികതലത്തില്‍ മാത്രം കാണപ്പെടുന്നതിനു തുല്യമായ അച്ചടക്കമാണ് എഐഎഡിഎംകെയിലുള്ളത്.ഇത് സാധ്യമാക്കിയത് അമ്മയാണ്. അമ്മ രൂപപ്പെടുത്തിയ ഈ ചിട്ട തുടര്‍ന്നു കൊണ്ടു പോകണമെങ്കില്‍ പാര്‍ട്ടിയുടെ തലപ്പത്തേയ്ക്കു ചിന്നമ്മ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്മ അവശേഷിപ്പിച്ചു പോയ ശൂന്യത നികത്താന്‍ ചിന്നമയ്ക്കു മാത്രമേ സാധിക്കൂ എന്നും അതിനു വേണ്ടി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ഒന്നടങ്കം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പനീര്‍സെല്‍വം പറഞ്ഞു.
പാര്‍ട്ടിയുടെ ട്രെഷറര്‍ കൂടിയായ മുഖ്യമന്ത്രി പനീര്‍സെല്‍വം, ശശികലയ്‌ക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും പറഞ്ഞു.

Comments

comments

Categories: Slider, Top Stories