സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ സാംസങ് മുന്നില്‍

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ സാംസങ് മുന്നില്‍

ന്യുഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍മാരായ സാംസങ്ങിന്റേതാണെന്ന് റിപ്പോര്‍ട്ട്. വിപണിയുടെ 28.52 ശതമാനം വിഹിതം കൈയടക്കിയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് സാംസങ് ഉപകരണങ്ങളാണ്. ആപ്പിള്‍ ഐഫോണാണ് രണ്ടാം സ്ഥാനത്ത്. 14.87 ശതമാനമാണ് ആപ്പിളിന്റെ വിപണി വിഹിതം. 10.75 ശതമാനം വിഹിതവുമായി മോട്ടറോളയാണ് മൂന്നാം സ്ഥാനത്ത്.

ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനായ കാഷിഫൈയുടെ കണക്കനുസരിച്ച് സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുവോസ് i9082 ആണ് ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോണ്‍. ആകെ വില്‍പ്പന നടന്നതില്‍ 3.02 ശതമാനവും ഈ മോഡലാണ്. മോട്ടോറോളയുടെ ഈ വര്‍ഷം ഏറ്റവുമധികം സ്വീകാര്യത ലഭിച്ച മോട്ടോ ജി 16 ജിബി(2-ാം തലമുറ) യാണ് രണ്ടാം സ്ഥാനത്ത്(2.71 %). ആപ്പിള്‍ ഐഫോണ്‍ 5എസ് 16 ജിബി(ഫാക്ടറി അണ്‍ലോക്ക്ഡ്) മൂന്നാം സ്ഥാനത്താണ്(2.34 %). പഴയ ഫോണ്‍ മാറ്റി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹം വര്‍ധിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

പല പുതിയ മോഡലുകളും ഇറങ്ങിയത്തോടെ കഴിഞ്ഞ കുറെ മാസങ്ങളായി റീസെയില്‍ വിപണിയില്‍ വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം നിരവധി മോഡലുകള്‍ പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഇനിയും വളര്‍ച്ച നേടുമെന്നമാണ് കാശിഫൈയുടെ വിലയിരുത്തല്‍. കാശിഫൈയുടെ കണക്കനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ മാറ്റി പുതിയത് വാങ്ങുന്നവരുടെ എണ്ണത്തില്‍ തലസ്ഥാനനഗരിയായ ഡെല്‍ഹിയാണ് മുന്നില്‍.

Comments

comments

Categories: Slider, Top Stories