സോപ്പിലെ സ്വദേശിവല്‍ക്കരണവുമായി സമത

സോപ്പിലെ സ്വദേശിവല്‍ക്കരണവുമായി സമത

റിന്റുജ

ഉപ്പുകുറുക്കിയും വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ചും ബ്രിട്ടന്റെ ഇറക്കുമതിയെ ചെറുത്ത് സമ്പദ്ഘടനയില്‍ പ്രതിസന്ധി സൃഷ്ടിച്ച ഒരു പൂര്‍വ കാല ചരിത്രം ഇന്ത്യയ്ക്കുണ്ട്. കാലക്രമത്തില്‍ ആഗോള ഭീമന്‍മാര്‍ നമ്മുടെ വിപണി പിടിച്ചടക്കി. സോപ്പിന്റെയും സോപ്പുല്‍പ്പന്നങ്ങളുടെയും വിപണി ഇന്ന് വന്‍കിടകുത്തകകളുടെ കൈയ്യിലാണ്. ദിനംപ്രതി ലക്ഷകണക്കിന് സോപ്പുകള്‍ യന്ത്ര സഹായത്തോടെ ഉല്‍പാദിപ്പിക്കുകയും വന്‍തുകപരസ്യങ്ങളുടെ സഹായത്താല്‍ വിപണി പിടിച്ചടക്കുകയും ചെയ്ത വമ്പന്‍മാരോട് മത്സരിക്കാന്‍ ഒരുങ്ങുകയാണ് പാലക്കാട് മുണ്ടൂരില്‍ പരിഷത് പ്രൊഡക്ഷന്‍ സെന്ററി(പിപിസി)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമത എന്ന ചെറുകിട സംരംഭം. യന്ത്രസഹായമില്ലാതെ കൈകൊണ്ട് നിര്‍മ്മിച്ച സോപ്പുകളും സോപ്പ് ഉല്‍പ്പന്നങ്ങളുമാണ് സമത വിപണിയില്‍ എത്തിക്കുന്നത്.

തദ്ദേശീയമായി ഉല്‍പ്പാദനം നടത്തുന്നതിനും അത് വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്നാല്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുവാനും അങ്ങനെ പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുവാനും കഴിയും. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ ജനങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാവുന്നതും സമൂഹത്തില്‍ സ്വീകാര്യതയുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. സോപ്പുകള്‍, ടോയ്‌ലറ്ററി ഉല്‍പ്പന്നങ്ങള്‍, സോപ്പ് കിറ്റുകള്‍, ചൂടാറാപ്പെട്ടി, പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍, പരിഷത് അടുപ്പുകള്‍, പോര്‍ട്ടബിള്‍ വിറക് അടുപ്പ് (ടേബിള്‍ ടൈപ്പ്), പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍, മണ്ണിര കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങി പത്തിലധികം ഉല്‍പ്പന്നങ്ങള്‍ പരിഷിത് പ്രൊഡക്ഷന്‍ സെന്റര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

സമത എന്ന പേരില്‍ സാന്‍ഡല്‍, ലാവണ്ടര്‍, ലിലിയം എന്നിങ്ങനെ മൂന്ന് തരം ടൊയിലറ്റ് സോപ്പുകള്‍ മുണ്ടൂര്‍ പിപിസി യില്‍ നേരിട്ട് ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു. പൂര്‍ണ്ണമായും വെളിച്ചെണ്ണയില്‍ നിര്‍മ്മിച്ച സമത സാന്‍ഡലിന് 25 രൂപയാണ് വില. വെളിച്ചെണ്ണ, പാമോയില്‍, ആവണക്കെണ്ണ എന്നീ ഭക്ഷ്യ എണ്ണകളുടെ മിശ്രിതത്തില്‍ നിര്‍മ്മിച്ച മറ്റ് രണ്ട് ഇനത്തിനും 20 രൂപയാണ് വില. കൂടാതെ ഡിറ്റര്‍ജന്റ്പൗഡറുകള്‍, ടൊയ്‌ലറ്റ് ക്ലീനര്‍, ഫ്‌ളോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് എന്നീ ഉല്‍പന്നങ്ങളും സമത പുറത്തിറക്കുന്നുണ്ട്.
പ്രാദേശിക മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് പിപിസി നിര്‍മ്മാണം ആരംഭിച്ചത്. കുറഞ്ഞനാളുകള്‍കൊണ്ട് വിപണിയില്‍ സ്വന്തമായ ഇടം കണ്ടെത്താന്‍ സമതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം കൈകൊണ്ട് നിര്‍മ്മിക്കുന്ന സോപ്പുകള്‍ക്ക് വന്‍കിട കമ്പനികളുമായി ദേശീയ കമ്പോളത്തില്‍ മത്സരിക്കാന്‍ കഴിയുന്നത് പ്രീമിയം മാര്‍ക്കറ്റിലാണ്. ഗുണമേന്മ തന്നെയാണ് സമതയെ മാര്‍ക്കറ്റില്‍ പിടിച്ചു നിര്‍ത്തുന്നത്. നല്ല സുഗന്ധം, 50 ശതമാനം വെളിച്ചെണ്ണ, ബിഐഎസ് ഗ്രേഡ് ഒന്ന് നിലവാരം ഇവയൊക്കെ സമതയുടെ സവിശേഷതകളാണ്.

www.samataproducts.com എന്ന വെബ്‌സൈറ്റ് വഴിയും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം വഴിയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കുള്ള സംവിധാനം ഒരുക്കി ഒരാഴ്ചയ്ക്കുള്ളില്‍ നല്ല പ്രതികരണമാണ് സമത ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പരിഷത് പ്രോഡക്ഷന്‍ സെന്റര്‍ സെക്രറ്ററി പി വി ജോസഫ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഗുണനിലവാരമുള്ള സോപ്പ് സ്വന്തം ആവശ്യത്തിന് നിര്‍മ്മിച്ചെടുക്കുന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ലാഭകരമാണ്. ഇത് പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇരുപത് സോപ്പുകള്‍ സ്വയം ഉണ്ടാക്കുന്നതിനുള്ള ചെറുകിറ്റുകള്‍ പിപിസി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ഒരു വര്‍ഷം ശരാശരി ഒരു ലക്ഷം കിറ്റുകള്‍ വിറ്റു പോകുന്നുണ്ട്. പകുതിയോളം വിറ്റു പോകുന്നത് മലപ്പുറം ജില്ലയിലാണ്. കിറ്റിനു വില 55 മുതല്‍ 75 വരെയാണ്. ഒരു ടൊയിലറ്റ് സോപ്പ് കിറ്റുകൊണ്ട് ഒരു കിലോ വെളിച്ചെണ്ണ ഉപയോഗിച്ച് 80 ഗ്രാമിന്റെ ഇരുപത് സോപ്പുകള്‍ നിര്‍മ്മിക്കാം.

വാഷിംഗ് സോപ്പിന്റെ കിറ്റില്‍ 1600 ഗ്രം വെളിച്ചെണ്ണ അല്ലെങ്കില്‍ പാം ഓയില്‍ ഉപയോഗിച്ച് 2 കിലോ ഗ്രാം സോപ്പ് ഉല്‍പ്പാദിപ്പിക്കാം. വെളിച്ചെണ്ണയ്ക്കും പാം ഓയിലിനും ഉപയോഗിക്കേണ്ട കെമിക്കലുകളുടെ അളവുകളില്‍ വ്യത്യാസമുണ്ട്. അതിനാല്‍ വ്യത്യസ്ത കിറ്റുകള്‍ ലഭ്യമാണ്. 240 ല്‍ ഏറെ ആളുകള്‍ക്ക് എല്ലാ വിഭാഗങ്ങളിലുമായി തൊഴിലവസരങ്ങള്‍ നല്‍കുവാനും പരിഷത് പ്രൊഡക്ഷന്‍ സെന്ററിന് കഴിഞ്ഞിട്ടുണ്ട്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*