വായുമലിനീകരണത്തിനെതിരെ എയര്‍ പ്യൂരിഫയറുമായി മലയാളി സംരംഭകര്‍

വായുമലിനീകരണത്തിനെതിരെ എയര്‍ പ്യൂരിഫയറുമായി മലയാളി സംരംഭകര്‍

 

ലോകരാജ്യങ്ങളില്‍ വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ഏറെ മുന്‍പന്തിയാലാണ് ഇന്ത്യയുടെ സ്ഥാനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളില്‍ മുന്‍നിരയിലുണ്ട് നമ്മുടെ രാജ്യതലസ്ഥാനമായ ഡെല്‍ഹി. മലിനീകരണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഡെല്‍ഹിയിലെ ജീവിതം ദുസഹമായികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ വായു മലിനീകരണത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന എയര്‍പ്യൂരിഫയര്‍ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരന് ന്യായമായ വിലയ്ക്ക് നല്‍കുകയാണ് രണ്ടു മലയാളി സംരംഭകരുടെ സ്റ്റാര്‍ട്ടപ്പ്.

ഗീവര്‍ഗീസ് തോമസ്(25), അഭിലാഷ് ജോണ്‍(25) എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച് സാഫ്എയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് വിപണിയിലെത്തിക്കുന്ന 2,500 രൂപ വിലയുള്ള പ്യൂറോ മോഡല്‍ ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ എയര്‍പ്യൂരിഫയറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

തുടക്കം

തിരുവല്ല സ്വദേശിയായ തോമസ് ജവഹര്‍ നവോദയ വിദ്യാലയയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. 2012 ല്‍ ഡെല്‍ഹിയിലേക്ക് താമസം മാറിയ തോമസ് ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. അതിനുശേഷം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് 2015 ലെ മഞ്ഞുകാലത്ത് തോമസ് ആസ്മ രോഗത്തിനടിമപ്പെട്ടുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ തോമസിനോട് രോഗകാരണമായ അന്തരീക്ഷമലിനീകരണത്തിനെതിരെ എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കാനാണ് ഡോക്റ്റര്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം എയര്‍പ്യൂരിഫയറുകള്‍ വാങ്ങുന്നതിനായി വിപണിയില്‍ അന്വേഷിച്ചപ്പോള്‍ 30,000 രൂപയ്ക്കു താഴെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്.

ന്യായവിലയ്ക്ക് എയര്‍ പ്യൂരിഫയറുകള്‍ ലഭ്യമാക്കാന്‍ എന്താണ് മാര്‍ഗമൈന്നായി തോമസിന്റെ പിന്നീടുള്ള ആലോചന. അങ്ങനെയാണ് എന്തുകൊണ്ട് അവ നിര്‍മ്മിച്ചുകൂട എന്ന ആശയം വരുന്നത്.

തോമസ് ഇത് സ്‌കൂള്‍ സഹപാഠിയായിരുന്ന അഭിലാഷുമായി പങ്കുവെച്ചു. അടൂര്‍ സ്വദേശിയായ അഭിലാഷ് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ ബി-ടെക് ബിരുദം നേടിയിരുന്നു. സുഹൃത്തിന്റെ സ്റ്റാര്‍ട്ടപ്പ് സ്വപ്‌നത്തില്‍ പങ്കാളിയായി അഭിലാഷും ഡെല്‍ഹിയിലേക്ക് ചേക്കേറി. നിരവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് പ്യൂറോ മോഡല്‍ എന്ന ഉല്‍പ്പന്നം ജനിക്കുന്നത്. ഇത് ഉപയോഗിച്ചതിനുഷേം തന്റെ ആസ്മ രോഗത്തിനായി മരുന്നുകളൊന്നും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നു തോമസ് സാക്ഷ്യപ്പെടുത്തുന്നു. ഈ ആശയം അതിവേഗം പ്രചരിക്കുകയും അങ്ങനെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് സാഫ്എയര്‍ എന്ന സ്റ്റാര്‍ട്ടപ്പ് യാഥാര്‍ത്ഥ്യമാക്കുകയുമായിരുന്നു. 2016 ഒക്‌റ്റോബറിലായിരുന്നു സാഫ്എയര്‍ ഡോട്ട് കോം എന്ന സാമൂഹ്യസംരംഭത്തിന്റെ ജനനം.

ഒരു മാസം 200 ലധികം എയര്‍ പ്യൂരിഫയറുകളാണ് ഇവര്‍ വിറ്റഴിക്കുന്നത്. ഇപ്പോള്‍ ഉപഭോക്താക്കളുടെ ആവശ്യകതയനുസരിച്ച് ഉല്‍പ്പന്നം ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുകയാണ് ഇവര്‍. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സ്ഥാപകര്‍ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

എയര്‍ പ്യൂരിഫയറുകള്‍, എന്‍95 മാസ്‌ക്കുകള്‍, എയര്‍ ക്ലീനിംഗ് പ്ലാന്റുകള്‍, ഹെപ്പാ ഫില്‍റ്റര്‍, ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്റേഴ്‌സ് എന്നിവയാണ് സാഫ്എയറിന്റെ ഉല്‍പ്പന്നങ്ങള്‍. വായുമലിനീകരണത്തിനെതിരെ ന്യായവിലയ്ക്ക് പൂര്‍ണമായ സുരക്ഷിതത്വമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. 85 രൂപ മുതല്‍ 135 രൂപ വരെയുള്ള മാസ്‌ക്കുകള്‍ ഇവിടെ ലഭ്യമാണ്, ഹെപ്പാ പ്യൂരിഫയറിന് 4,999.00 രൂപയാണ് വില.

1,399.00 രൂപയുടെ ഹെപ്പാ ഫില്‍റ്ററും ഇവര്‍ ലഭ്യമാക്കുന്നു. ഇവ കൂടാതെ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുന്ന പ്രകൃതിദത്ത എയര്‍പ്യൂരിഫയറുകളായ കറ്റാര്‍വാഴ(280 രൂപ), ഇംഗ്ലീഷ് ഐവി(350), സ്‌പെഡര്‍ പ്ലാന്റ്(260), സ്‌നേക്ക് പ്ലാന്റ്(410), പീസ് ലില്ലി(380), ബോസ്റ്റണ്‍ ഫേണ്‍(390), ബാംബു പാം(450) എന്നീ ചെടികളും കെട്ടിടത്തിനുള്ളിലെ വായുവിന്റെ ശുദ്ധത അളക്കാന്‍ സഹായിക്കുന്ന എയര്‍ ക്വാളിറ്റി ചെക്കറും(249 രൂപ) ഇവരില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

Comments

comments

Categories: Entrepreneurship, Slider