പ്രകൃതിയുടെ നിറക്കൂട്ടുകള്‍ ചാലിച്ച ചുമര്‍ ചിത്രവുമായി പി കെ സദാനന്ദന്‍

പ്രകൃതിയുടെ നിറക്കൂട്ടുകള്‍ ചാലിച്ച ചുമര്‍ ചിത്രവുമായി പി കെ സദാനന്ദന്‍

കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തിലെത്തുന്ന ഏവരെയും ആദ്യം ആകര്‍ഷിക്കുന്നത് പ്രശസ്ത ചുമര്‍ചിത്രകാരനായ പി കെ സദാനന്ദന്റെ സൃഷ്ടിയാണ്. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള പ്രതലത്തിലാണ് സദാനന്ദന്‍മാഷ് തന്റെ സൃഷ്ടി നടത്തുന്നത്.

വരയുടെ പ്രാരംഭം നിറമുണ്ടാക്കുന്നതിലൂടെയാണ്. തികച്ചും പരമ്പരാഗത രീതിയിലാണ് നിറക്കട്ടുകള്‍ ഒരുക്കുന്നത്. മണ്‍കലത്തിന്റെ കരിയില്‍ നിന്നാണ് കറുപ്പ്, ചുവപ്പിന് കുങ്കുമവും മഞ്ഞയ്ക്ക് പാഷാണക്കല്ലും. മഞ്ഞയുടെ നിറഭേദത്തിന് ചെങ്കല്ലും, വെട്ടുകല്ലും ഉപയോഗിക്കുന്നു.

കൃത്രിമ നിറങ്ങള്‍ താനുപയോഗിക്കാറില്ലെന്ന് സദാനന്ദന്‍ മാഷ് പറയുന്നു. നിറങ്ങളും അവയുടെ ഭേദങ്ങളും പ്രകൃതിയില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. പിന്നീട് ഈ പദാര്‍ത്ഥങ്ങള്‍ വേണ്ട രീതിയില്‍ സംസ്‌കരിച്ചെടുത്താണ് നിറങ്ങളുണ്ടാക്കുന്നത്. നിറങ്ങള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്താന്‍ മൂന്നാഴ്ചയെങ്കിലും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യകലയായ ചുമര്‍ ചിത്രകലയെ തനതു രീതിയില്‍ നില നിറുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കലാകാരനാണ് സദാനന്ദന്‍. കേരളത്തിലെ പ്രമേയങ്ങള്‍ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ ചിത്രരചന രീതികളുമായി സമന്വയിപ്പിച്ചാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍. അജന്ത, എല്ലോറ ചിത്രങ്ങളില്‍ നിന്നും അദ്ദേഹം രീതികള്‍ സ്വാംശീകരിച്ചിട്ടുണ്ട്.

ചുമര്‍ചിത്രകല പരമ്പരാഗത രീതിയാണെങ്കിലും അതിന് വര്‍ത്തമാന കാലഭാവം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാരമ്പര്യ ചുമര്‍ചിത്രകലയില്‍ ചുവപ്പു നിറമാണ് എടുത്തു നില്‍ക്കുക. എന്നാല്‍ ബിനാലെ മൂന്നാം ലക്കത്തിലെ സൃഷ്ടിക്ക് നീല നിറമാണ് സദാനന്ദന്‍ മാഷ് അടിസ്ഥാനമാക്കിയിട്ടുള്ളത്.

പുരാണങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ബിനാലെ മൂന്നാം ലക്കത്തിലെത്തുന്നത്. ഇന്ത്യയില്‍ ജാതി വ്യവസ്ഥ കൊടി കുത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ താന്‍ നടത്തുന്ന കലാസൃഷ്ടിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. ബിനാലെക്കാലത്തില്‍ ഈ പ്രമേയത്തിന് കൂടുതല്‍ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding