യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ റെയ്ല്‍വേ

യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി : പ്രത്യേക സുരക്ഷാ ഫണ്ട് അനുവദിക്കണമെന്ന റെയ്ല്‍വേയുടെ ആവശ്യം ധനമന്ത്രാലയം തള്ളിയതോടെ റെയ്ല്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. റെയ്ല്‍വേ സുരക്ഷാ ഫണ്ടിനായി പ്രത്യേക സെസ്സ് ചുമത്താനാണ് ആലോചിക്കുന്നത്. പാളങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ശക്തമാക്കാനും സിഗ്നല്‍ സംവിധാനം കാര്യക്ഷമമാക്കാനും ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ ഇല്ലാതാക്കുന്നതിനുമാണ് റെയ്ല്‍വേ സെസ്സ് വഴി പണം സമാഹരിക്കുന്നത്. ട്രെയ്ന്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് മറ്റ് നടപടികളും സ്വീകരിക്കും.

വിവിധ സുരക്ഷാ ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് രാഷ്ട്രീയ റെയ്ല്‍ സംരക്ഷ കോശിലേക്ക് 1,19,183 കോടി രൂപയാണ് നേരത്തെ റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ മറുപടി അനുകൂലമായിരുന്നില്ല. നിരക്കുകള്‍ വര്‍ധിപ്പിച്ച് സ്വന്തം നിലയ്ക്ക് വിഭവസമാഹരണം നടത്താനാണ് ധനമന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ ആവശ്യപ്പെട്ട തുകയുടെ 25 ശതമാനം അനുവദിക്കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റിസര്‍വേഷന്‍ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയും എസി-2, എസി-1 നിരക്കുകള്‍ ഉയര്‍ന്നിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതില്‍ റെയ്ല്‍വേ മന്ത്രിക്ക് തീരെ താല്‍പ്പര്യമില്ല. എന്നാല്‍ ധനമന്ത്രാലയം മുഖം തിരിച്ചതോടെ റെയ്ല്‍വേയ്ക്ക് വേറെ വഴിയില്ല. സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്, എസി-3 എന്നിവയ്ക്ക് ഉയര്‍ന്ന സെസ്സ് ചുമത്താനും എസി-2, എസി-1 നിരക്കുകളില്‍ താരതമ്യേന ചെറിയ സെസ്സ് ഏര്‍പ്പെടുത്താനുമാണ് റെയ്ല്‍വേ തീരുമാനിക്കുകയെന്നാണ് സൂചന.

അടുത്തിടെ രണ്ട് വലിയ തീവണ്ടി അപകടങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സിഗ്നലിംഗ് സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിനും അപകടസാധ്യതയുള്ള എല്ലാ അളില്ലാ ലെവല്‍ ക്രോസ്സുകളും നിര്‍ത്തലാക്കുന്നതിനുമാണ് പ്രധാനമായും രാഷ്ട്രീയ റെയ്ല്‍ സംരക്ഷ കോശിലേക്ക് ധനസഹായം അഭ്യര്‍ത്ഥിച്ചത്. മിക്ക അപകടങ്ങളും ആളില്ലാ ലെവല്‍ ക്രോസ്സുകളിലാണ് നടക്കുന്നതെന്നതിനാല്‍ ഇവിടങ്ങളില്‍ മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്.

തീവണ്ടികളുടെ ശരാശരി വേഗം വര്‍ധിപ്പിക്കാന്‍ റെയ്ല്‍വേ തീരുമാനിച്ചതോടെ പാളങ്ങളും റെയ്ല്‍പ്പാലങ്ങളും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. കൂടാതെ 25 ടണ്‍ ലോഡ് വഹിക്കുന്ന ചരക്കു തീവണ്ടികള്‍ ഓടിക്കുന്നതിനും റെയ്ല്‍വേ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles